
കൊല്ലം നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ ദാരുണ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പന്തളം സ്വദേശികളായ സെൽവം മുഹമ്മദ് കുഞ്ഞ് (53), മകൾ ഹൽബി ജലാൽ (21) എന്നിവരാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഒരേ ദിശയിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇവരെ എതിർദിശയിൽ വന്ന മറ്റൊരു കാറും ഇടിച്ചു. ഇതിനിടെ സെൽവം മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തിലൂടെ ഒരു ബൈക്കും കയറിയിറങ്ങിയതായി പോലീസ് അറിയിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സെൽവം മുഹമ്മദ് കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന മകൾ ഹൽബി ജലാൽ ഇന്ന്, മേയ് 13-ന് മരണത്തിന് കീഴടങ്ങി.
സ്കൂട്ടറിനെ ആദ്യം ഇടിച്ച കാർ അപകടത്തിന് ശേഷം നിർത്താതെ കടന്നുകളഞ്ഞതായി പോലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വാഹനം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.