You are currently viewing വിജയ് സർക്കാരിന് വിശ്വാസവോട്ട് വിജയം; തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ്

വിജയ് സർക്കാരിന് വിശ്വാസവോട്ട് വിജയം; തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ്

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) സർക്കാരിന് വിശ്വാസവോട്ടിൽ വിജയം. 234 അംഗ നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി 144 വോട്ടും എതിരായി 22 വോട്ടും ലഭിച്ചു. ഇതോടെ ന്യൂനപക്ഷ സർക്കാരായി അധികാരമേറ്റ് ദിവസങ്ങൾക്കകം വിജയ് സർക്കാരിന്റെ സ്ഥിരത ഉറപ്പിക്കപ്പെട്ടു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നിരുന്നെങ്കിലും ഭൂരിപക്ഷത്തിനാവശ്യമായ 117 സീറ്റുകൾ നേടാനായിരുന്നില്ല. തുടർന്ന് കോൺഗ്രസ്, വി.സി.കെ, ഐ.യു.എം.എൽ, സി.പി.ഐ, സി.പി.ഐ(എം) എന്നീ കക്ഷികളും എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തിലെ അംഗങ്ങളും സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഈ പിന്തുണയോടെയാണ് വിശ്വാസവോട്ടിൽ സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്.

സിനിമാതാരത്തിൽ നിന്ന് മുഖ്യമന്ത്രിയിലേക്കുള്ള വിജയിയുടെ രാഷ്ട്രീയ ഉയർച്ച തമിഴ്നാട്ടിലെ പരമ്പരാഗത ഡി.എം.കെ–എ.ഐ.എ.ഡി.എം.കെ അധിപത്യ രാഷ്ട്രീയത്തിന് വലിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ പാർട്ടികളുടെ പിന്തുണയും വിമതരുടെ പിന്തുണയും ഏകോപിപ്പിച്ച് അധികാരത്തിൽ എത്തിയ ടി.വി.കെയുടെ മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴി തുറക്കുന്നതായും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply