
കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ സ്റ്റീല്‍ പാത്രത്തിനകത്ത് വെച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ 16കാരന് മരിച്ചു. എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അദ്വൈത്.

വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യൂട്യൂബില്‍ കണ്ട രീതിയില്‍ “ഗുണ്ട്” പൊട്ടിക്കാന്‍ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
സ്റ്റീല്‍ പാത്രത്തിനകത്ത് പടക്കം വെച്ച് പൊട്ടിച്ചതോടെ പാത്രം ശക്തമായി പൊട്ടിത്തെറിച്ചു. പാത്രത്തിന്റെ ചില്ലുകള്‍ തെറിച്ച് അദ്വൈത്തിന്റെ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഞരമ്പ് പൊട്ടുകയും അതിവേഗ രക്തസ്രാവം ഉണ്ടാകുകയും ചെയ്തതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
അപകടത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിഷുദിനത്തില്‍ കൊയിലാണ്ടിയില്‍ നിന്നെത്തിയ ഈ ദാരുണ വാര്‍ത്ത പ്രദേശത്ത് വലിയ ദുഃഖം വിതറി. അപകടകരമായ പരീക്ഷണങ്ങള്‍ അനുകരിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് വീണ്ടും മുന്നറിയിപ്പായി ഈ സംഭവം മാറിയിരിക്കുകയാണ്.