
കൊല്ലം: കാണാതായിരുന്ന കോട്ടാത്തല സ്വദേശിയായ ഗൃഹനാഥനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാത്തല പണയിൽ മരുതൂർ പടിഞ്ഞാറ്റതിൽ തുളസീധരൻപിള്ള (60) ആണ് മരിച്ചത്.

അവണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്ന തുളസീധരൻപിള്ള വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വൈകിട്ട് ഏഴരയോടെ പണയിൽ ജംഗ്ഷനിൽ ഇറങ്ങിയ ശേഷം ശാസ്താംകോട്ട ഭാഗത്തേക്ക് ബസ് കയറിയതായി ദൃക്സാക്ഷികൾ പറഞ്ഞു. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
ഇതിനിടെ കുന്നത്തൂർ പാലത്തിനു സമീപം വഴി പോയ തമിഴ്നാട് സ്വദേശിക്കു തുളസീധരൻപിള്ളയുടെ മൊബൈൽ ഫോൺ ലഭിച്ചതോടെ സംഭവം സംശയാസ്പദമായി. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ ഫലമുണ്ടായില്ല. പിന്നാലെ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെ ഒരാൾ കല്ലടയാറ്റിലേക്ക് ചാടുന്നതായി പാലത്തിനു സമീപം മീൻപിടിക്കാനെത്തിയ ചിലർ കണ്ടതായി പിന്നീട് വിവരം ലഭിച്ചു. ഇത് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യ: യമുനാമണി.
മക്കൾ: ഭാഗ്യ ടി.പിള്ള, കാവ്യ ടി.പിള്ള.
മരുമകൻ: അമൽ.
സംഭവത്തിൽ കൂടുതൽ അന്വേഷണം ശാസ്താംകോട്ട പൊലീസ് തുടരുകയാണ്.