
തിരൂർ: മലപ്പുറം ജില്ലയിലെ തിരൂർ എഴൂരിൽ അമ്മയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാട്ടുകാരെ നടുക്കി. എഴൂർ സ്വദേശിനിയായ ഇർഫാനയും മകൻ അമൻ മാലിക്കും ആണ് മരിച്ചത്. ആത്മഹത്യയാണെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയോടെയാണ് ഇർഫാനയെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെ വീടിനോട് ചേർന്ന കിണറ്റിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്സും പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
സംഭവസ്ഥലത്ത് നിന്ന് ഇർഫാനയുടേതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാലുമാസം മുമ്പ് അമ്മ മരിച്ചതിനെ തുടർന്നുണ്ടായ കടുത്ത മാനസിക വിഷമം ഇവരെ ബാധിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച് ഈ മാസം 15-ാം തീയതിയാണ് ഇർഫാന നാട്ടിലെത്തിയത്. വിദേശത്തായിരുന്ന പിതാവ് ഇബ്രാഹിം കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. അദ്ദേഹം പള്ളിയിൽ പോയിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്.
കോഴിക്കോട് സ്വദേശിയായ റാഫിയാണ് ഇർഫാനയുടെ ഭർത്താവ്. തിരൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.