
ന്യൂഡൽഹി: ഭിന്നശേഷിക്കാരായ യാത്രക്കാരുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ സുപ്രധാനമായ ഒരു മാറ്റം പ്രഖ്യാപിച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിരിക്കുന്ന സ്ലീപ്പർ , തേർഡ് എസി കോച്ചുകളിലെ ലോവർ ബർത്തുകളിൽ ഇനി മുതൽ അൺറിസർവ്ഡ് (ജനറൽ) ടിക്കറ്റുമായി യാത്ര ചെയ്യാൻ അവസരം നൽകും.

മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ റിസർവ് ചെയ്യാത്ത ദിവ്യാംജൻ-മാർക്കഡ് കോച്ചുകളിൽ യാത്ര ചെയ്യുന്നതിന് സാധുവായ യുണീക്ക് ഡിസെബിലിറ്റി ഐഡി കാർഡ് ഉള്ള യാത്രക്കാരെ ഇനിമുതൽ അനുവദിക്കും.
പുതിയ നിർദേശപ്രകാരം, ഭിന്നശേഷിക്കാർക്കായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ക്വാട്ടയിലെ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. യാത്രക്കാർ സ്റ്റേഷനുകളിൽ നിന്ന് സാധാരണ ജനറൽ ടിക്കറ്റ് എടുത്ത ശേഷം ട്രെയിനിൽ കയറി ടി.ടി.ഇയെ സമീപിച്ച് ലഭ്യമായ സീറ്റുകൾ അനുവദിച്ചു വാങ്ങാവുന്നതാണ്.
റിസർവേഷൻ ലഭിക്കാത്ത സാഹചര്യത്തിൽ അവസാന നിമിഷം യാത്ര ചെയ്യേണ്ടി വരുന്ന ഭിന്നശേഷിക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. മുൻപ്, ഈ ക്വാട്ടയിൽ സീറ്റ് ലഭിക്കാൻ മുൻകൂട്ടി റിസർവേഷൻ നിർബന്ധമായിരുന്നു. സീറ്റുകൾ ഒഴിവുണ്ടായിരുന്നാലും ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യാൻ അനുമതിയുണ്ടായിരുന്നില്ല.
പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ, ട്രെയിൻ പുറപ്പെടുന്ന സമയത്ത് ഒഴിവുള്ള സീറ്റുകൾ ഭിന്നശേഷിക്കാർക്ക് തന്നെ പ്രയോജനപ്പെടുന്ന തരത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. യാത്ര സൗകര്യങ്ങളിൽ ഉൾക്കൊള്ളലിന് പ്രാധാന്യം നൽകുന്ന നടപടിയായി ഇതിനെ വിലയിരുത്തുന്നു.