
മുണ്ടത്തിക്കോട് / തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ട് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. അപകടത്തിൽ 40-ൽ അധികം തൊഴിലാളികൾക്ക് പൊള്ളലേറ്റതായി പ്രാഥമിക വിവരം.

സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് വൻ തീപിടിത്തവും പടക്കങ്ങൾ ചിതറിപ്പൊട്ടുന്ന ഭീതിജനക സാഹചര്യമുമാണ് നിലനിൽക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ വീണ്ടും സ്ഫോടനം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
പരുക്കേറ്റവരെ അടിയന്തരമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
ഉഗ്രസ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾക്കപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ചാവക്കാട് വടക്കൻ മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ വ്യക്തമാക്കി.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതലയുള്ള സതീശൻ ഉൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ലൈസൻസ് സതീഷിന്റെ പേരിലാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതിനാൽ അഗ്നിശമന സേനയ്ക്ക് ആദ്യം പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് സംഘം സ്ഥലത്തെത്തിയത്. സമീപത്തെ പാടങ്ങളിൽ ചിതറിപ്പോയ പടക്കങ്ങൾ പൊട്ടിത്തെറിക്കുന്നതിനാൽ പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.
അവശിഷ്ടങ്ങൾ ദൂരേക്ക് തെറിക്കുന്നതിനാൽ ആളുകളെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. തീ പൂര്‍ണമായി അണച്ച ശേഷമേ കൂടുതൽ തിരച്ചിലും രക്ഷാപ്രവർത്തനവും സാധ്യമാകൂ എന്ന് അധികൃതർ അറിയിച്ചു.