
അൽ ഖോബാർ: അസീസിയയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ പ്രവാസി വ്യവസായി സജു വർഗീസ് (60) അന്തരിച്ചു. എറണാകുളം സൗത്ത് പറവൂർ സ്വദേശിയായ പനച്ചിക്കൽ സജു വർഗീസ് ഇന്ന് പുലർച്ചെ നാട്ടിലെ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ദമാമിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന അദ്ദേഹം മികച്ച ഗായകനും സംഘാടകനുമായും ശ്രദ്ധേയനായിരുന്നു.

കഴിഞ്ഞ ജനുവരി 23-നാണ് സജു വർഗീസിന് ഗുരുതരമായി പരുക്കേറ്റ അപകടം സംഭവിച്ചത്. അസീസിയയിൽ നിന്ന് ദമാമിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സജുവിനെ ദമാം അൽ മന ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ പാർപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിലൂടെ നാട്ടിലെത്തിച്ച് കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസലോകത്തിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സജു വർഗീസ്. വേൾഡ് മലയാളി കൗൺസിൽ, സംഗമം തുടങ്ങിയ സംഘടനകളിൽ അദ്ദേഹം ശ്രദ്ധേയ പങ്കുവഹിച്ചു. കുടുംബസമേതം ദമാമിലായിരുന്നു താമസം.
പരേതയായ ഏലിയാമ്മ വർഗീസിന്റെയും വർഗീസ് പി.ജെ.യുടെയും മകനാണ്. ഭാര്യ: ഷീജ സജു. മക്കൾ: റിച്ചാർഡ്, റൊണാൾഡ്, റയ്മണ്ട്. സഹോദരങ്ങൾ: സജി മധു, സുജ ചാണ്ടി.
മൃതദേഹം ഇന്നും നാളെയും പൊതുദർശനത്തിന് വെക്കും. നാളെ വൈകുന്നേരം മൂന്ന് മണിക്ക് തെക്കേ പറവൂർ മാർ യോഹന്നാൻ മാംദാന യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.