
തിരുവനന്തപുരം: ജില്ലയിൽ കടുത്ത ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടർ എൻ. ദേവിദാസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഏപ്രിൽ 24-ന് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും ഏപ്രിൽ 25, 26 തീയതികളിൽ 39 ഡിഗ്രി വരെ എത്താനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഉയർന്ന ചൂട് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന ആശങ്കയിൽ ഏപ്രിൽ 29 വരെ എല്ലാ സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്കും അവധിക്കാല ക്ലാസുകൾക്കും ക്യാമ്പുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ നേരിട്ട് പങ്കെടുക്കുന്ന ക്ലാസുകൾക്കാണ് ഈ നിയന്ത്രണം ബാധകം.
പകൽ സമയത്ത് പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കുന്നതിനുള്ള ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ ഭക്ഷണ വിതരണക്കാർ, അതിഥി തൊഴിലാളികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവർക്കും ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകണം. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
സൂര്യാഘാതം ഉൾപ്പെടെയുള്ള ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിരിക്കണമെന്ന് കലക്ടർ അറിയിച്ചു. ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങൾ ദിവസേന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി പങ്കുവെക്കണമെന്നും നിർദേശം നൽകി.
പ്രധാന ട്രാഫിക് സിഗ്നലുകളിലും വിപണികളിലും ഗ്രീൻ ഷെയ്ഡ് നെറ്റുകൾ സ്ഥാപിച്ച് തണലൊരുക്കാനും പൊതുസ്ഥലങ്ങളിൽ തണ്ണീർപ്പന്തലുകൾ വഴി ശുദ്ധജല വിതരണം ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉൾനാടൻ, ആഴക്കടൽ മത്സ്യത്തൊഴിലാളികൾ പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇതേസമയം പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂടുതൽ സമയം നേരിട്ട് വെയിലേൽക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. തീപിടുത്ത സാധ്യത മുൻനിർത്തി അഗ്നിരക്ഷാ സേനയും വന്യമൃഗ ആക്രമണങ്ങൾ നേരിടാൻ വനം വകുപ്പും സദാ സജ്ജമായിരിക്കണമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.