You are currently viewing പേവിഷബാധ സംശയം; ആംബുലൻസിൽ നിന്ന് ചാടി ഓടിയ രോഗി മരിച്ചു

പേവിഷബാധ സംശയം; ആംബുലൻസിൽ നിന്ന് ചാടി ഓടിയ രോഗി മരിച്ചു

തിരുവനന്തപുരം: പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് ഇറങ്ങി ഓടിയ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയായ രവീന്ദ്രനാണ് മരിച്ചത്. ഇഞ്ചയ്ക്കൽ ജംഗ്ഷന് സമീപമുള്ള റോഡരികിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയോടെയാണ് രവീന്ദ്രന് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ബന്ധുക്കൾ ആംബുലൻസ് വിളിച്ചത്. നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നത്.

ഇഞ്ചയ്ക്കൽ ജംഗ്ഷന് സമീപം എത്തിയപ്പോൾ രവീന്ദ്രൻ അതീവ അക്രമാസക്തനായി പെരുമാറിയതായി ആംബുലൻസിലുണ്ടായിരുന്നവർ പറഞ്ഞു. ആംബുലൻസിനുള്ളിലെ ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് വാഹനത്തിന്റെ ഗ്ലാസ് തകർത്ത ശേഷം അതുവഴി പുറത്തേക്ക് ചാടി ഓടുകയായിരുന്നുവെന്നാണ് വിവരം. തടയാൻ ശ്രമിച്ചവർക്കുനേരെ കല്ലെറിയാനും ഇയാൾ ശ്രമിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തുടർന്ന് സമീപത്തെ ഓടയിലേക്ക് ചാടിയ രവീന്ദ്രനെ ആംബുലൻസ് ജീവനക്കാരും ബന്ധുക്കളും ചേർന്ന് തിരഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ഇദ്ദേഹത്തെ ഓടയിൽ നിന്ന് കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രവീന്ദ്രൻ തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകാറുണ്ടായിരുന്നുവെന്നും, ആ സമയത്ത് എപ്പോഴോ നായയുടെ കടിയേറ്റതാകാം പേവിഷബാധയ്ക്ക് കാരണമായതെന്നുമാണ് നാട്ടുകാർ സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply