
കൊല്ലം: മുൻ എം.എൽ.എയും കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ആയിഷ പോറ്റി യുടെ പരാജയത്തിന് പിന്നിൽ വോട്ട് ചോർച്ചയുണ്ടെന്നും അത് പാർട്ടി ഗൗരവമായി അന്വേഷിക്കുമെന്നും കോൺഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ് പ്രസ്താവിച്ചു. ഐഷ പോറ്റിയുടെ വിജയം തടയുന്നതിനായി സാമ്പത്തിക ഇടപാടുകൾ നടന്നതായും അദ്ദേഹം ആരോപിച്ചു.

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ എൻ ബാലഗോപാൽ 1,012 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബാലഗോപാൽ 63,926 വോട്ടുകൾ നേടിയപ്പോൾ ഐഷ പോറ്റിക്ക് 62,914 വോട്ടുകൾ ലഭിച്ചു. അതേസമയം ബി.ജെ.പി സ്ഥാനാർത്ഥിയായ ആർ രശ്മി 20,664 വോട്ടുകൾ സ്വന്തമാക്കി.
ഐഷ പോറ്റിക്ക് അനുകൂലമാകേണ്ട വോട്ടുകൾ ചോർന്നതിനെക്കുറിച്ച് പാർട്ടി സമഗ്രമായ അന്വേഷണം നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ഐഷ പോറ്റി യു.ഡി.എഫിലെത്തിയതെന്നും അതിനാൽ ഈ പരാജയത്തെ നേതൃത്വം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് വോട്ട് മറിച്ച് നൽകുന്നതിനായി ചില സാമ്പത്തിക ഡീലുകൾ നടന്നതായും, ഐഷ പോറ്റിയുടെ വിജയസാധ്യത തകർക്കാൻ ബോധപൂർവമായ നീക്കങ്ങളാണ് ഉണ്ടായതെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ യു.ഡി.എഫ് വോട്ടുകളിൽ അസാധാരണമായ ഇടിവ് സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2016-ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ഐഷ പോറ്റി 40,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ യു.ഡി.എഫ് വോട്ടുബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പരാജയത്തെ തുടർന്ന് ഐഷ പോറ്റിയും അതൃപ്തി രേഖപ്പെടുത്തി. യു.ഡി.എഫ് മുന്നേറ്റമുണ്ടായ മണ്ഡലത്തിൽ വോട്ടുകൾ കുറഞ്ഞത് പരിശോധിക്കണമെന്നും തന്നെ പരാജയപ്പെടുത്താൻ കള്ളപ്രചരണങ്ങളും വ്യക്തിഹത്യയും നടന്നുവെന്നും അവർ ആരോപിച്ചു.