
കൊല്ലം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ മണ്ഡലത്തിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ആർ.എസ്.പി (ലെനിനിസ്റ്റ്) നേതാവ് കോവൂർ കുഞ്ഞുമോൻ മാധ്യമങ്ങളോട് സംസാരിക്കവെ വികാരാധീനനായി പൊട്ടിക്കരഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ കറുത്ത കാർ ഉപയോഗിക്കുന്നത് കണ്ടപ്പോൾ തനിക്കും അത്തരമൊരു കാർ സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് കുഞ്ഞുമോൻ പറഞ്ഞു. വിവിധ ചിട്ടികളിൽ നിന്ന് പണം കണ്ടെത്തിയാണ് ഏകദേശം 27 ലക്ഷം രൂപ വിലവരുന്ന കാർ വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾക്കായി ഏറെ ആഗ്രഹിച്ച് വാങ്ങിയ ആ കാർ പിന്നീട് വിൽക്കേണ്ടി വന്നുവെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിതുമ്പുകയായിരുന്നു.
മണ്ഡലത്തിൽ വലിയ തോതിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ കാരണം ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ ആത്മപരിശോധന അനിവാര്യമാണെന്നും കുഞ്ഞുമോൻ പറഞ്ഞു.
2001 മുതൽ തുടർച്ചയായി കുന്നത്തൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കുഞ്ഞുമോൻ, 25 വർഷത്തെ നിയമസഭാ പ്രവർത്തനത്തിന് ശേഷമാണ് ആദ്യമായി പരാജയം നേരിടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉല്ലാസ് കോവൂർനോടാണ് അദ്ദേഹം ഇത്തവണ പരാജയപ്പെട്ടത്.
പരാജയപ്പെട്ടെങ്കിലും ജനങ്ങളുമായി തന്റെ ബന്ധം തുടരുമെന്നും എന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.