
സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ വേദിയിൽ അസാധാരണ സംഭവവികാസങ്ങൾ അരങ്ങേറി. ചെന്നൈയിലെ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിനിടെയാണ് ഗവർണർ വിജയിന്റെ പ്രസംഗം ഇടപെട്ട് നിർത്തിയത്.

വിജയ് ഔദ്യോഗിക ഭരണഘടനാപരമായ സത്യപ്രതിജ്ഞ വായിക്കുന്നതിന് പകരം സിനിമാ സംഭാഷണ ശൈലിയിലുള്ള ദൈർഘ്യമേറിയ “ഡയലോഗ്” അവതരണത്തിലൂടെയാണ് തുടക്കം കുറിച്ചത്. നടനായുള്ള അദ്ദേഹത്തിന്റെ പശ്ചാത്തലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു പ്രസംഗമെന്ന് പങ്കെടുത്തവർ പറഞ്ഞു.
ഇതിനിടെ ഗവർണർ ചടങ്ങിൽ ഇടപെട്ട് ഔദ്യോഗികമായി തയ്യാറാക്കിയ സത്യപ്രതിജ്ഞാ വാചകം പേപ്പറിൽ നിന്നു തന്നെ വായിക്കണമെന്ന് നിർദേശിക്കുകയായിരുന്നു. തുടർന്ന് വിജയ് ഭരണഘടനാനുസൃതമായ ഔദ്യോഗിക സത്യപ്രതിജ്ഞ വീണ്ടും വായിച്ച് പൂർത്തിയാക്കി. ഇതോടെ അദ്ദേഹം “രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തതുപോലെ” സാഹചര്യം രൂപപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾ ഉയർന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളും പ്രതികരണങ്ങളും മണിക്കൂറുകൾക്കകം വൈറലായി. “ മുഖ്യമന്ത്രി സ്ഥാനത്ത് സിനിമാറ്റിക് തുടക്കം” എന്നാണ് അനുകൂലികൾ വിശേഷിപ്പിച്ചത്. മറുവശത്ത്, ചിലർ ചടങ്ങിനെ പരിഹസിച്ചും ഗവർണർ “ശരിയായി വായിപ്പിച്ചു” എന്ന തരത്തിലുമുള്ള വിമർശനങ്ങൾ ഉന്നയിച്ചു.
തമിഴ് സിനിമാ ലോകത്തെ വൻ ജനപ്രീതിയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വിജയിനെ മുൻ മുഖ്യമന്ത്രി എം.ജി.ആറിന്റെ രാഷ്ട്രീയ പാരമ്പര്യവുമായി താരതമ്യം ചെയ്തുള്ള ചർച്ചകളും വീണ്ടും സജീവമായി.108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷത്തിനായി കോൺഗ്രസ്, വി.സി.കെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായ സാഹചര്യത്തിലാണ് വിജയിന്റെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ രൂപീകരണം നടന്നത്. അതിനോടനുബന്ധിച്ച രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെയാണ് സത്യപ്രതിജ്ഞാ വേദിയിലെ ഈ സംഭവവും ശ്രദ്ധാകേന്ദ്രമായത്.