You are currently viewing 16 വർഷത്തെ ഓർബാൻ ഭരണത്തിന് വിരാമം; ഹംഗറിയുടെ പുതിയ പ്രധാനമന്ത്രിയായി പീറ്റർ മജ്യാർ

16 വർഷത്തെ ഓർബാൻ ഭരണത്തിന് വിരാമം; ഹംഗറിയുടെ പുതിയ പ്രധാനമന്ത്രിയായി പീറ്റർ മജ്യാർ

പീറ്റർ മജ്യാർ ഹംഗറിയുടെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏപ്രിൽ 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ദേശീയവാദ നേതാവായ വിക്ടർ ഓർബൻനെതിരെ നിർണായക വിജയം നേടിയതോടെയാണ് മജ്യാർ അധികാരത്തിലെത്തിയത്. ഇതോടെ ഓർബാന്റെ 16 വർഷത്തെ ഭരണത്തിന് വിരാമമായി.

45കാരനായ മജ്യാറിന്റെ നേതൃത്വത്തിലുള്ള ടിസ്സ പാർട്ടി ഭരണഘടനാ ഭേദഗതികൾ നടത്താൻ മതിയായ ഭൂരിപക്ഷം സ്വന്തമാക്കിയിട്ടുണ്ട്. ഇതിലൂടെ ഓർബാൻ സർക്കാർ നടപ്പാക്കിയ പ്രധാന നിയമപരിഷ്‌ക്കാരങ്ങളും നയങ്ങളും പിൻവലിക്കാൻ പുതിയ സർക്കാരിന് സാധിക്കും.

അഴിമതി അവസാനിപ്പിക്കുമെന്നും നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ തുടങ്ങിയ മേഖലകളിൽ ഓർബാൻ ഭരണകാലത്ത് നടപ്പാക്കിയ നിയന്ത്രണ നയങ്ങൾ റദ്ദാക്കുമെന്നും മജ്യാർ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള ഹംഗറിയുടെ ബന്ധം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓർബാൻ ഭരണകാലത്ത് ഹംഗറി റഷ്യയോട് കൂടുതൽ അടുപ്പം പുലർത്തിയതും, യുക്രെയ്‌നിന് പിന്തുണ നൽകാനുള്ള യൂറോപ്യൻ യൂണിയൻ നീക്കങ്ങളെ എതിർത്തതും യൂറോപ്യൻ കൂട്ടായ്മയുമായുള്ള ബന്ധത്തിൽ വലിയ സംഘർഷങ്ങൾക്ക് ഇടയാക്കിയിരുന്നു.

യൂറോപ്യൻ യൂണിയൻ മരവിപ്പിച്ചിരിക്കുന്ന ബില്യൺ കണക്കിന് യൂറോയുടെ ധനസഹായം തിരിച്ചുപിടിക്കാൻ യൂറോപ്യൻ നേതാക്കളുമായി ധാരണയിലെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മജ്യാർ വ്യക്തമാക്കി. അഴിമതിവിരുദ്ധ നടപടികൾ ശക്തമാക്കി രാജ്യത്തിന്റെ ഭരണ സംവിധാനത്തിൽ വ്യാപക മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply