
കൊല്ലം: ചവറയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ. സുജിത് വിജയൻ പിള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഡോക്ടറായും പൊതുപ്രവർത്തകനായും തുടർന്നും സജീവമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2016-ൽ അന്തരിച്ച മുൻ എം.എൽ.എ എൻ. വിജയൻ പിള്ള ചവറയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിരുന്നു. തുടർന്ന് 2021-ലെ തിരഞ്ഞെടുപ്പിൽ മകൻ സുജിത് വിജയൻ പിള്ള വിജയിച്ച് മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഇരു തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാർഥിയായി ഷിബു ബേബി ജോണായിരുന്നു എതിരാളി.
2021-ൽ വെറും 1096 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജിത് വിജയൻ പിള്ള വിജയിച്ചത്. എന്നാൽ ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഷിബു ബേബി ജോണിനോട് 18,573 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.
ചവറ നിയോജകമണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണിനും അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാർക്കും പ്രവർത്തകർക്കും സുജിത് വിജയൻ പിള്ള അഭിനന്ദനങ്ങൾ അറിയിച്ചു.