
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമില്ലാത്ത സർക്കാര് രൂപീകരിച്ച തമിഴഗ വിജയ് കഴഗം (ടിവികെ) നേതാവ് നടൻ വിജയ്ക്ക് ശക്തമായ പിന്തുണയുമായി എഐഎഡിഎംകെയിലെ റിബൽ വിഭാഗം രംഗത്തെത്തി. സി.വി. ശണ്മുഗവും എസ്.പി. വേലുമണിയും നേതൃത്വം നൽകുന്ന റിബൽ വിഭാഗം ടിവികെ സർക്കാരിന് പിന്തുണ അറിയിച്ചു.പാർട്ടിയുടെ 47 എംഎൽഎമാരിൽ ഏകദേശം 30 പേരുടെ പിന്തുണയോടെയാണ് റിബലുകൾ ഈ തീരുമാനം പ്രഖ്യാപിച്ചത്.

ജനവിധി മാനിച്ച് ഡിഎംകെയുമായുള്ള സഖ്യത്തിന് തയ്യാറാകാതെ വിജയ്യുമായി ചേരാൻ തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. വിജയ്യുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി പിന്തുണ ഔപചാരികമാക്കാനാണ് റിബൽ വിഭാഗത്തിന്റെ നീക്കം.എഡിഎംകെ നേതാവ് എഡിഎപ്പാടി പളനിസ്വാമിയുടെ (ഇപിഎസ്) 72-ാം ജന്മദിനത്തിനിടെയാണ് ഈ വലിയ പൊട്ടിത്തെറി ഉണ്ടായത്. ഇത് പാർട്ടിയിലെ ആഭ്യന്തര പോരാട്ടത്തെ കൂടുതൽ ആഴത്തിലാക്കുന്നതായാണ് വിലയിരുത്തൽ.
ഇപിഎസ് നേതൃത്വത്തിലുള്ള എഐഎഡിഎംകെയിൽ നിന്നുള്ള വലിയ വിഭാഗത്തിന്റെ പുറത്തുപോക്ക് ടിവികെയുടെ ന്യൂനപക്ഷ സർക്കാരിന് സ്ഥിരത നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ 108 സീറ്റുകൾ നേടിയ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾക്ക് കുറവുള്ള സാഹചര്യത്തിലാണ് ഈ പിന്തുണ നിർണായകമാവുന്നത്.കൂടുതൽ വിവരങ്ങൾക്കായി രാഷ്ട്രീയ നീക്കങ്ങൾ ഉറ്റുനോക്കുകയാണ് തമിഴ്നാട്.