
കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ആയി സംബന്ധിച്ച ഹൈക്കമാൻഡ് ചർച്ചകൾ ഇന്ന് ഡൽഹിയിൽ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾക്കിടെ മുതിർന്ന നേതാക്കളായ കെ.മുരളീധരൻ, എം.എം.ഹസ്സൻ എന്നിവർ നടത്തിയ പ്രതികരണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ മറ്റുള്ളവരുടെ അഭിപ്രായം മാത്രം പരിഗണിച്ചാൽ മതിയാകില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിലെ ഘടകകക്ഷികളുടെയും പൊതുജനങ്ങളുടെയും വികാരവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം ഇന്നുരാത്രിയോ നാളെ രാവിലെയോ ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പഴയ തലമുറയിലെ നേതാക്കളായ കെ.കരുണാകരൻ, എ.കെ.ആൻ്റണി, ഉമ്മൻ ചാണ്ടി എന്നിവർ നേതൃത്വം നൽകിയ കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും പുതിയ തലമുറയിലെ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള നേരിട്ടുള്ള പ്രതികരണങ്ങളിൽ നിന്ന് എം. എം. ഹസൻ വിട്ടുനിന്നെങ്കിലും പാർട്ടി അച്ചടക്കത്തിന് അദ്ദേഹം പ്രാധാന്യം നൽകി. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കേണ്ടത് കോൺഗ്രസ് തന്നെയാണെന്നും അതിൽ ഘടകകക്ഷികൾക്ക് പങ്കില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഹൈക്കമാൻഡ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും എല്ലാവരും അത് അംഗീകരിക്കുമെന്നും ഹസൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ നിർബന്ധമായും എംഎൽഎമാരായിരിക്കണമെന്നില്ലെന്നും മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരും മുഖ്യമന്ത്രിയായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കൾ. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ മുൻ കെപിസിസി അധ്യക്ഷന്മാരുമായി ഡൽഹിയിൽ ചർച്ചകൾ തുടരുകയാണ്.