You are currently viewing പാഠപുസ്തക വിതരണം 80% പൂർത്തിയായി; ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും

പാഠപുസ്തക വിതരണം 80% പൂർത്തിയായി; ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ധീൻ അറിയിച്ചു. പുതിയ അധ്യയനവർഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്വാഗതം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് വിവിധ നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി വ്യക്തമാക്കി.

സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള എല്ലാ മുന്നൊരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും തുറക്കുമെന്നും കുട്ടികളെ സ്വീകരിക്കാൻ വിപുലമായ പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്കൂളുകളും പരിസരങ്ങളും പൂർണമായും ശുചീകരിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, പി.ടി.എകൾ എന്നിവരുടെ സഹകരണത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കാല സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്.

ഒന്നാം ഘട്ട പാഠപുസ്തക വിതരണത്തിൽ 80 ശതമാനത്തിലധികം പുരോഗതി കൈവരിച്ചതായും ശേഷിക്കുന്ന പുസ്തകങ്ങൾ മെയ് 31നകം മുഴുവൻ വിദ്യാർത്ഥികളിലേക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാലയ പരിസരങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. കുട്ടികളുടെ സുരക്ഷക്കും ആരോഗ്യകരമായ പഠനാന്തരീക്ഷത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും കൈകോർത്ത് പുതിയ അധ്യയനവർഷവും വൻ വിജയമാക്കാമെന്നും എല്ലാ കുട്ടികൾക്കും മുൻകൂട്ടി ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും മന്ത്രി എൻ.ഷംസുദ്ധീൻ കൂട്ടിച്ചേർത്തു.

Leave a Reply