You are currently viewing നീറ്റ് യു ജി  2026 പരീക്ഷ റദ്ദാക്കി;  ചോദ്യചോർച്ച ആരോപണത്തിൽ സിബിഐ അന്വേഷണം, വീണ്ടും പരീക്ഷ നടത്തുമെന്ന് എൻടിഎ

നീറ്റ് യു ജി 2026 പരീക്ഷ റദ്ദാക്കി; ചോദ്യചോർച്ച ആരോപണത്തിൽ സിബിഐ അന്വേഷണം, വീണ്ടും പരീക്ഷ നടത്തുമെന്ന് എൻടിഎ

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) മേയ് 3ന് നടത്തിയ നീറ്റ് യു ജി 2026 പരീക്ഷ ചോദ്യചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച ഗുരുതരമാണ് ആരോപണങ്ങളെ തുടർന്ന് റദ്ദാക്കി. പുതുക്കിയ തീയതിയിൽ വീണ്ടും പരീക്ഷ നടത്തുമെന്ന് എൻടിഎ അറിയിച്ചു. പുതിയ അഡ്മിറ്റ് കാർഡുകൾ പിന്നീട് പുറത്തിറക്കും. അപേക്ഷകർക്ക് വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ലെന്നും വ്യക്തമാക്കി.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ)യ്ക്ക് കേന്ദ്ര സർക്കാർ സമഗ്ര അന്വേഷണം ഏൽപ്പിച്ചിട്ടുണ്ട്. പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കാനും സുതാര്യമായ അന്വേഷണം ഉറപ്പാക്കാനുമാണ് നടപടി. കേന്ദ്ര ഏജൻസികളും നിയമസംരക്ഷണ സംവിധാനങ്ങളും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് എൻടിഎ അറിയിച്ചു.

രാജസ്ഥാൻ പോലീസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) നടത്തിയ അന്വേഷണത്തിലാണ് ചോർച്ച സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച കൈയെഴുത്ത് “ഗസ് പേപ്പർ” അല്ലെങ്കിൽ ചോദ്യബാങ്കിലെ ഏകദേശം 120 മുതൽ 150 വരെ ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ 720 മാർക്കിൽ വലിയൊരു വിഹിതം മുൻകൂട്ടി ലഭിച്ചിരിക്കാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട സിക്കർ, ഝുൻഝുനു, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നായി 13 മുതൽ 15 വരെ ആളുകളെ എസ്ഒജി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരിയർ കൗൺസിലിങ്, അഡ്മിഷൻ ഗൈഡൻസ് സെൻ്ററുമായി ബന്ധപ്പെട്ട ചിലരാണിവരിൽ പലരും. ജയ്പൂർ സ്വദേശിയായ ഒരാളെ പ്രതിയെന്ന നിലയിൽ അന്വേഷണ സംഘം സംശയിക്കുന്നതായും റിപ്പോർട്ടുണ്ട്.

രാജ്യത്തുടനീളവും വിദേശത്തുമായി 5,400-ലധികം പരീക്ഷാകേന്ദ്രങ്ങളിൽ നടന്ന പരീക്ഷയിൽ 22 മുതൽ 23 ലക്ഷം വരെ വിദ്യാർഥികളാണ് പങ്കെടുത്തത്. വർഷങ്ങളായുള്ള തയ്യാറെടുപ്പിനൊടുവിൽ പരീക്ഷ റദ്ദാക്കിയതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. “ഉറക്കമില്ലാത്ത രാത്രികളും കഠിനാധ്വാനവും കഴിഞ്ഞ് ലഭിച്ചതിത് മാത്രമാണോ” എന്ന് ഡെറാഡൂണിലെ ഒരു പരീക്ഷാർത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു.

നീറ്റ് പരീക്ഷയുടെ വിശ്വാസ്യതയെ കുറിച്ചുള്ള മുൻകാല വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെ, പ്രതിപക്ഷ കക്ഷികളും വിദ്യാർത്ഥി സംഘടനകളും ശക്തമായ വിമർശനവുമായി രംഗത്തെത്തി. പരീക്ഷാ സംവിധാനത്തിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും വേണമെന്നാണ് ആവശ്യം അവർ ഉയർത്തി

പുതിയ പരീക്ഷ തീയതിയും മറ്റ് നടപടിക്രമങ്ങളും ഉടൻ ഔദ്യോഗികമായി അറിയിക്കുമെന്ന് എൻടിഎ വ്യക്തമാക്കി. മെഡിക്കൽ ബിരുദ പ്രവേശനത്തിനായുള്ള പരീക്ഷാ പ്രക്രിയ പൂർണമായും നീതിപൂർവവും വിശ്വാസ്യതയുള്ളതുമായിരിക്കുമെന്ന് ഏജൻസി ആവർത്തിച്ചു.

Leave a Reply