You are currently viewing പെർഷ്യൻ പുള്ളിപ്പുലി സംരക്ഷണത്തിൽ രാജ്യങ്ങൾ കൈകോർക്കുന്നു

പെർഷ്യൻ പുള്ളിപ്പുലി സംരക്ഷണത്തിൽ രാജ്യങ്ങൾ കൈകോർക്കുന്നു

ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് പെർഷ്യൻ പുള്ളിപ്പുലികളുടെ സംരക്ഷണത്തിനായി രാജ്യാന്തര തലത്തിൽ നടക്കുന്ന സംയുക്ത പ്രവർത്തനങ്ങൾ ശ്രദ്ധേയ പുരോഗതി കൈവരിക്കുന്നതായി വ്യക്തമാക്കി. കോക്കസസ് മലനിരകളിൽ നിന്ന് ഹിന്ദുകുഷ് പ്രദേശം വരെ വ്യാപിച്ചുകിടക്കുന്ന അതീവ വംശനാശ ഭീഷണി നേരിടുന്ന പെർഷ്യൻ പുള്ളിപ്പുലികളുടെ ആവാസവ്യവസ്ഥ സംരക്ഷണം, ഇരമൃഗങ്ങളുടെ പുനരുജ്ജീവനം, അതിർത്തികൾ കടന്നുള്ള നിരീക്ഷണം, വനബന്ധങ്ങൾ പുനഃസ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പുരോഗതിക്ക് വഴിയൊരുക്കുന്നതെന്ന് ഐബിസിഎ അറിയിച്ചു.

പേർഷ്യൻ പുള്ളിപ്പുലി ഐയുസിഎൻ റെഡ് ലിസ്റ്റിൽ ‘അപകടാവസ്ഥയിൽ’ ഉൾപ്പെടുത്തിയ ഇനമാണ്. ലോകത്ത് നിലവിൽ 750 മുതൽ 1,044 വരെ പെർഷ്യൻ പുള്ളിപ്പുലികളാണ് ശേഷിക്കുന്നതെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും ഇറാനിലെ അൽബോർസ് പർവ്വതനിരകളിലാണ് വസിക്കുന്നത്. തുർക്ക്മെനിസ്ഥാനിലെ സംരക്ഷിത മേഖലകളിൽ നടത്തിയ ക്യാമറ ട്രാപ്പ് സർവേയിൽ എണ്ണം സ്ഥിരത പുലർത്തുന്നതായും വർധനയുടെ സൂചനകളുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യയിലും മധ്യേഷ്യൻ രാജ്യങ്ങളിലുമുള്ള പുനരധിവാസ പദ്ധതികളും ഫലപ്രദമാകുന്നതായി വിലയിരുത്തുന്നു.

വാസസ്ഥല നാശം, വേട്ടയാടൽ, ഇരമൃഗങ്ങളുടെ കുറവ്, മനുഷ്യ-വന്യജീവി സംഘർഷം എന്നിവയാണ് പ്രധാന ഭീഷണികൾ. അതിനാൽ രാജ്യങ്ങൾ തമ്മിലുള്ള കൂടുതൽ സഹകരണം അനിവാര്യമാണെന്ന് സംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഐ.ബി.സി.എ സമിറ്റ് 2026 ജൂൺ 1, 2 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ, ശാസ്ത്രജ്ഞർ, എൻജിഒ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ പുലിവർഗ സംരക്ഷണത്തിനായുള്ള “ഡൽഹി പ്രഖ്യാപനം” അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Leave a Reply