You are currently viewing പനമരം പുഴയിൽ മുതലകളുടെ സാന്നിധ്യം വർധിച്ചതായി ആശങ്ക; നാട്ടുകാർ ഭീതിയിൽ

പനമരം പുഴയിൽ മുതലകളുടെ സാന്നിധ്യം വർധിച്ചതായി ആശങ്ക; നാട്ടുകാർ ഭീതിയിൽ

പനമരം: വയനാട് ജില്ലയിലെ പ്രധാന ജലാശയങ്ങളിലൊന്നായ പനമരം വലിയ പുഴയിൽ മുതലകളുടെയും ചീങ്കണ്ണികളുടെയും സാന്നിധ്യം ഗണ്യമായി വർധിച്ചതായി പ്രദേശവാസികൾ. പുഴയിലെ കൊറ്റില്ലം തുരുത്തിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നട്ടുച്ച സമയത്തുപോലും മുതലകൾ കരയിലേക്ക് കയറി കിടക്കുന്നത് പതിവ് കാഴ്ചയായതോടെ പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരും കന്നുകാലികളെ മേയ്ക്കുന്നവരും കടുത്ത ആശങ്കയിലാണ്.

കഴിഞ്ഞ ദിവസം മാത്രം കൊറ്റില്ലം തുരുത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് കൂറ്റൻ മുതലകളെ ഒരേസമയം കണ്ടതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് ദേശാടനപ്പക്ഷികളുടെ സാന്നിധ്യം വർധിച്ചതും ആവശ്യത്തിന് ഇര ലഭിക്കുന്നതും വംശവർധനവിന് അനുകൂലമായ സാഹചര്യങ്ങളും പനമരം പുഴയിലും കബനി നദിയുടെ കൂടൽക്കടവ് പ്രദേശങ്ങളിലും മുതലകളുടെ എണ്ണം വർധിക്കാൻ കാരണമായെന്നാണ് പ്രാദേശികരുടെ വിലയിരുത്തൽ.

ചെറുതും വലുതുമായ നിരവധി മുതലകൾ പുഴയോരങ്ങളിൽ തമ്പടിച്ചിരിക്കുന്നതായി നാട്ടുകാർ പറയുന്നു. കരയിൽ നിശ്ചലമായി കിടക്കുമ്പോൾ പാറക്കല്ലുകൾ പോലെ തോന്നുമെങ്കിലും ആളനക്കം ശ്രദ്ധയിൽപ്പെട്ടാൽ അതിവേഗം ആക്രമണ സ്വഭാവം കാണിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. വലിയ ശബ്ദത്തോടെ പുഴയിലേക്ക് ചാടുന്ന കാഴ്ചകൾ പ്രദേശവാസികളിൽ ഭീതി വർധിപ്പിക്കുന്നതായി അവർ പറയുന്നു.

പുഴയിൽ കുളിക്കാനെത്തുന്നവർക്കും മത്സ്യബന്ധനം നടത്തുന്നവർക്കും കന്നുകാലികളെ മേയ്ക്കുന്നവർക്കും സുരക്ഷാഭീഷണി ഉയരുന്ന സാഹചര്യത്തിൽ വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അനിയന്ത്രിതമായി വർധിക്കുന്ന മുതലകളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply