
കൊച്ചി: തൃക്കാക്കരയിൽ വാഹനം മറികടക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ബൈക്ക് യാത്രക്കാരായ യുവാക്കളെ നടുറോഡിൽ ക്രൂരമായി മർദിച്ച കേസിൽ മൂന്നംഗ സംഘത്തെ തൃക്കാക്കര പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശിയായ ഫഹദ്, കോഴിക്കോട് സ്വദേശിയായ ബെന്നി എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ജങ്ഷന് സമീപമാണ് സംഭവം. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ പ്രതികൾ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
എഫ്.ഐ.ആർ പ്രകാരം, പ്രതികൾ ഇടിവള ഉപയോഗിച്ച് യുവാക്കളുടെ മുഖത്തടിക്കുകയും മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ വാഴക്കാല സ്വദേശികളായ പ്രവീൺ കുമാർ, നിസാം, മുഹമ്മദ് ഷാഫി എന്നിവർക്ക് പരിക്കേറ്റു. ഇതിൽ പ്രവീൺ കുമാറിന് തലയോട്ടിക്ക് പൊട്ടലേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിസാമിന്റെ മൂക്കിനും ചുണ്ടിനും ഗുരുതര പരിക്കേറ്റതിനാൽ പ്ലാസ്റ്റിക് സർജറിക്കായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. ഒളിവിൽ പോയ പ്രതികളെ കോഴിക്കോട് നിന്ന് കണ്ടെത്തി കൊച്ചിയിലെത്തിച്ച പോലീസ് ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.