
കൊളംബോ: ശ്രീലങ്കയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരമുള്ള കാട്ടുകൊമ്പനായി അറിയപ്പെട്ടിരുന്ന കാവന്തിസ്സ ചരിഞ്ഞു. വലതുമുൻകാലിൽ വെടിയേറ്റതിനെ തുടർന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്ന ആനയാണ് ചത്തത്. ഗൽഗമുവ പ്രദേശത്തുവച്ചാണ് ആനയ്ക്ക് വെടിയേറ്റത്.

ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ വരണ്ട മേഖലയിൽ വലിപ്പവും പ്രൗഢിയുംകൊണ്ട് ശ്രദ്ധേയനായിരുന്ന കാവന്തിസ്സയെ രക്ഷിക്കാൻ വന്യജീവി ചികിത്സകർ നിരന്തര ശ്രമങ്ങൾ നടത്തിയിരുന്നു. മുറിവ് വൃത്തിയാക്കുന്നതിനും അണുബാധ തടയുന്നതിനുമായി പലതവണ മയക്കിയശേഷം ചികിത്സയും ആന്റിബയോട്ടിക്കുകളും നൽകിയിരുന്നു. എന്നാൽ പിന്നീട് ഭക്ഷണം കഴിക്കുന്നത് നിർത്തിയ ആന കുഴഞ്ഞുവീഴുകയായിരുന്നു.

ശ്രീലങ്കയിൽ മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നതിന്റെ ഗൗരവം കാവന്തിസ്സയുടെ മരണം വീണ്ടും ചർച്ചയാക്കുകയാണ്. കൃഷി വ്യാപിക്കുന്നതോടെ ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ ചുരുങ്ങുന്നതും കൃഷിനാശത്തിന്റെ പേരിലുള്ള പ്രതികാര വെടിവയ്പ്പുകളും വേട്ടയാടലും കാട്ടാനകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു.
ശ്രീലങ്കയുടെ വന്യജീവി സമ്പത്തിന്റെ പ്രതീകങ്ങളിലൊന്നായിരുന്ന കാവന്തിസ്സയുടെ വിയോഗം രാജ്യത്തെ ആനസംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ നഷ്ടമാണ്.