
കൊച്ചി: കൊച്ചി നെട്ടൂരിൽ കായലിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു. നെട്ടൂർ നോർത്ത് നെടുംപറമ്പിൽ റോയിയുടെ വീട്ടിൽ താമസിക്കുന്ന മുളവുകാട് വേവുകാട്ട് മാർട്ടിൻ-ബീന ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ അഷർ ആന്റണി (14) ആണ് മരിച്ചത്.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഷർ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടത്തിൽപ്പെട്ടത്. ക്രിക്കറ്റ് കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം കായലരികത്ത് ഇരിക്കുമ്പോൾ എന്തോ കണ്ട് പേടിച്ച് അബദ്ധത്തിൽ കായലിലേക്ക് വീണതാണെന്ന് സുഹൃത്തുകൾ പറഞ്ഞു.
നീന്തൽ അറിയാതിരുന്നതിനാൽ അഷറിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. കായലിൽ വെള്ളത്തിന്റെ ആഴം കൂടുതലായിരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. നാല് സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.