
വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി തുടരുന്നതിനിടെ, നിയുക്ത മുഖ്യമന്ത്രി തിരുവനന്തപുരത്ത് മുസ്ലിംലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭ രൂപീകരണവും വിവിധ ഘടകകക്ഷികളുടെ പ്രതിനിധിത്വവും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ചയായത്.

യുഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണം ഘടകകക്ഷികളുമായുള്ള മികച്ച ടീം വർക്കാണെന്ന് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ കാണിച്ച ഐക്യം തുടർന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും, എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ഏകോപനത്തോടെ സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭയിൽ ആരൊക്കെയാകും ഉൾപ്പെടുക എന്ന കാര്യത്തിൽ വിവിധ ഘടകകക്ഷികളുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മന്ത്രിമാരുടെയും പേരുകൾ നാളെ ഗവർണർക്ക് കൈമാറുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.