You are currently viewing കേരളം പാപ്പരായ സംസ്ഥാനമല്ല; എ.കെ. ആന്റണിയുടെ പരാമർശം വസ്തുതാവിരുദ്ധമെന്ന് കെ.എൻ. ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമല്ല; എ.കെ. ആന്റണിയുടെ പരാമർശം വസ്തുതാവിരുദ്ധമെന്ന് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേരളം പാപ്പരായ സംസ്ഥാനമാണെന്ന മുൻ പ്രതിരോധമന്ത്രി എ കെ ആൻറണിയുടെ പരാമർശം വസ്തുതാവിരുദ്ധവും യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയുമുള്ളതാണെന്ന് മുൻ ധനമന്ത്രിബാലഗോപാൽ എംഎൽഎ ആരോപിച്ചു. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.

പ്രകടനപത്രികയിൽ നൽകിയ 95 ശതമാനം വാഗ്ദാനങ്ങളും ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ച സർക്കാരാണ് അധികാരമൊഴിഞ്ഞതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ പ്രവർത്തനങ്ങൾക്കാവശ്യമായ മുഴുവൻ സാമ്പത്തിക വിഭവങ്ങളും യാതൊരു തടസ്സവുമില്ലാതെ ധനവകുപ്പ് അനുവദിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടി രൂപയായിരുന്നുവെന്നും, 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം സർക്കാർ ഖജനാവിൽ നിന്ന് 2 ലക്ഷം കോടി രൂപയ്ക്കുമേൽ ചെലവഴിച്ചതായും ബാലഗോപാൽ വ്യക്തമാക്കി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വാർഷിക ചെലവ് ശരാശരി 70,000 കോടി രൂപയും, ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 1.15 ലക്ഷം കോടി രൂപയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ സാമ്പത്തികമായി സംസ്ഥാനത്തെ സമ്മർദ്ദത്തിലാക്കിയ സാഹചര്യത്തിലും ട്രഷറി ഒരുദിവസം പോലും പൂട്ടേണ്ടിവന്നിട്ടില്ലെന്നും സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതെയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ചുമതലയൊഴിയുമ്പോൾ ക്ഷേമപെൻഷനിൽ ഒരു ഗഡു പോലും കുടിശ്ശിക ഉണ്ടായിരുന്നില്ലെന്നും, ജീവനക്കാർക്കും പെൻഷൻകാർക്കും മുഴുവൻ ഡി.എയും ഡി.ആറും അനുവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസം 125 കോടി രൂപയോളം ചെലവഴിച്ചാണ് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകിയതെന്നും, എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ 20 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായമായി നൽകിയതായും, തൊഴിലന്വേഷകരായ യുവാക്കൾക്ക് ‘കണക്ട് വർക്ക്’ സ്കോളർഷിപ്പും വിതരണം ചെയ്തതായും ബാലഗോപാൽ പറഞ്ഞു. പട്ടികജാതി-പട്ടികവർഗ മേഖലകളിലെ സ്കോളർഷിപ്പുകളും മറ്റ് ക്ഷേമപദ്ധതികളും തടസ്സമില്ലാതെ നടപ്പാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.

സംസ്ഥാനത്തിന്റെ പൊതുകടം അഞ്ച് വർഷത്തിനിടെ 39 ശതമാനത്തിൽ നിന്ന് 34 ശതമാനത്തിൽ താഴെയായി കുറഞ്ഞുവെന്നും, കടബാധ്യതയുടെ കണക്കിൽ ഇന്ത്യയിലെ ആദ്യ 15 സംസ്ഥാനങ്ങളിൽ പോലും കേരളമില്ലെന്നും ബാലഗോപാൽ പറഞ്ഞു. തനത് വരുമാനം 47,000 കോടിയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയിലേക്ക് ഉയർത്താൻ സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറച്ചതാണ് പ്രധാന വെല്ലുവിളിയായിരുന്നുവെന്ന് ആരോപിച്ച ബാലഗോപാൽ, സാമ്പത്തിക ഫെഡറലിസം സംരക്ഷിക്കാൻ കേരളം ശക്തമായ പോരാട്ടമാണ് നടത്തിയതെന്നും പറഞ്ഞു. കേന്ദ്ര ധനവിതരണത്തിലെ അസന്തുലിതത്വത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതും, പാർലമെന്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തിയതും അദ്ദേഹം ഓർമ്മിപ്പിച്ചു.

പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിന്റെ ഡിവിസിബിൾ പൂളിലെ വിഹിതം 1.925 ശതമാനത്തിൽ നിന്ന് 2.382 ശതമാനമായി ഉയർത്തിയതായും, ഇതിലൂടെ പ്രതിവർഷം 10,000 കോടിയിലധികം രൂപ സംസ്ഥാനത്തിന് അധികമായി ലഭിക്കുമെന്നുമാണ് ബാലഗോപാലിന്റെ വിശദീകരണം. 2026 മുതൽ 2031 വരെ ഏകദേശം 50,000 കോടി രൂപയുടെ അധിക വരുമാനം സംസ്ഥാന ഖജനാവിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമൊഴിയുമ്പോൾ 4000 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടായിരുന്നുവെന്നും, പുതിയ യുഡിഎഫ് സർക്കാരിന് ശക്തമായ സാമ്പത്തിക അടിത്തറയാണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപെൻഷൻ വിതരണം, വികസന പദ്ധതികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം എന്നിവയിൽ ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചരിത്ര നേട്ടങ്ങൾ കൈവരിച്ചുവെന്നും, അധികാരത്തിലെത്തിയ ഉടൻ തന്നെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകാമെന്ന രീതിയിലുള്ള പരാമർശങ്ങൾ പുതിയ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ നിന്നുള്ള പിന്മാറ്റത്തിന് മുന്നോടിയാണെന്നുമാണ് ബാലഗോപാലിന്റെ വിമർശനം.

Leave a Reply