You are currently viewing എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇനി ഭക്ഷ്യമാലിന്യം വളമാകും; ജൈവമാലിന്യ സംസ്കരണ യൂണിറ്റ് പ്രവർത്തനം തുടങ്ങി

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇനി ഭക്ഷ്യമാലിന്യം വളമാകും; ജൈവമാലിന്യ സംസ്കരണ യൂണിറ്റ് പ്രവർത്തനം തുടങ്ങി

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ദിവസേന ശേഖരിക്കുന്ന ഭക്ഷ്യമാലിന്യങ്ങൾ ഇനി മുതൽ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കി മാറ്റും. കൊച്ചി നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായി, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച ‘ബയോ കമ്പോസ്റ്റർ ബിൻ’ ജൈവമാലിന്യ സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും മാലിന്യമുക്തമാക്കുന്നതിനൊപ്പം, അവിടെ ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെ പുനരുപയോഗിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്നതിലൂടെ മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരമായ ഇടപെടലാണ് ലക്ഷ്യമിടുന്നത്.

ജൈവമാലിന്യ സംസ്കരണ യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി കെ.എസ്.ആർ.ടി.സിയിലെ ബന്ധപ്പെട്ട ജീവനക്കാർക്ക് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

ഉദ്ഘാടനച്ചടങ്ങിൽ കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ കെ.പി. കൃഷ്ണകുമാർ, എ.ടി.ഒ എ. അജിത്, കെ.എസ്.ആർ.ടി.സി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒ.പി. അനൂപ്, ഹരിതകേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർമാരായ നിസ്സ നിഷാദ്, എ.എ. സുരേഷ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ധന്യ റോണി, “മാലിന്യമുക്തം കെ.എസ്.ആർ.ടി.സി” സ്റ്റേറ്റ് കോർഡിനേറ്റർ ജാൻസി വർഗീസ്, കെ.എസ്.ആർ.ടി.സി ജനറൽ സി.ഐ ആന്റണി ജോസഫ്, ബി.ടി.സി കോർഡിനേറ്റർ അനീഷ്, വിവിധ യൂണിയൻ ഭാരവാഹികൾ, സെന്റ് തെരേസാസ് കോളേജിലെ എൻ.എസ്.എസ് അംഗങ്ങൾ, കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply