You are currently viewing കൊല്ലത്തിന് മന്ത്രിസഭയിൽ വൻ പ്രാതിനിധ്യം; മൂന്ന് പേരുകൾ സജീവ ചർച്ചയിൽ

കൊല്ലത്തിന് മന്ത്രിസഭയിൽ വൻ പ്രാതിനിധ്യം; മൂന്ന് പേരുകൾ സജീവ ചർച്ചയിൽ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ നേതൃത്വം നൽകുന്ന പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ കൊല്ലം ജില്ലയിൽ നിന്ന് രണ്ട് മുതൽ മൂന്ന് വരെ മന്ത്രിമാർക്ക് അവസരം ലഭിക്കുമെന്ന സൂചനകൾ ശക്തമാകുന്നു. കോൺഗ്രസിനും ഘടകകക്ഷികൾക്കും ഇടയിലെ പ്രാഥമിക ചർച്ചകളിൽ കൊല്ലത്തിന് നിർണായക പരിഗണന ലഭിക്കുന്നതായാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.

കൊല്ലം നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച ബിന്ദു കൃഷ്ണ മന്ത്രിസഭയിലെ പ്രധാന വനിതാ മുഖങ്ങളിലൊരാളാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. സാമൂഹ്യക്ഷേമം, വനിതാ-ശിശു വികസനം തുടങ്ങിയ വകുപ്പുകൾ ബിന്ദു കൃഷ്ണയ്ക്ക് ലഭിക്കാനിടയുണ്ടെന്നാണ് സൂചന. വനിതാ പ്രാതിനിധ്യത്തിന് പ്രാധാന്യം നൽകുന്ന സമീപനത്തിന്റെ ഭാഗമായും അവരുടെ പേര് സജീവ പരിഗണനയിലുണ്ട്.

അതേസമയം, പി.സി വിഷ്ണുനാഥ് മന്ത്രിസഭയിലേക്കുള്ള ശക്തമായ സാധ്യതയുള്ള നേതാക്കളിൽ ഒരാളായി ഉയർന്നു വരുന്നു. പാർട്ടിയിലെ സജീവ സംഘടനാ പ്രവർത്തനങ്ങളും നിയമസഭയിലെ ഇടപെടലുകളും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദ്യുതി അടക്കമുള്ള സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിന് ലഭിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

യു.ഡി.എഫ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ആർ.എസ്.പിയുടെ പ്രതിനിധിയായി ഷിബു ബേബി ജോൺനെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മുന്നണി സമവാക്യങ്ങളിൽ ആർ.എസ്.പിക്ക് യോജിച്ച പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഷിബു ബേബി ജോണിന്റെ പേര് ചർച്ചകളിൽ ഇടംപിടിച്ചിരിക്കുന്നത്.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യു.ഡി.എഫ് നേതൃത്വ ചർച്ചകൾക്ക് ശേഷമേ ഉണ്ടാകൂ. പ്രാദേശിക-സാമുദായിക സമവാക്യങ്ങളും ഘടകകക്ഷികളുടെ ആവശ്യങ്ങളും പരിഗണിച്ചായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.

Leave a Reply