
തിരുവനന്തപുരം: കേരളത്തിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് മെയ് 18-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ്, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികളിലെ മന്ത്രിമാരും ചടങ്ങിൽ സ്ഥാനമേൽക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കുന്ന മന്ത്രിസഭാ രൂപീകരണമായിരിക്കും ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കോൺഗ്രസിന് മുഖ്യമന്ത്രി പദവി ഉൾപ്പെടെ 11 മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനകാര്യമോ ആഭ്യന്തര വകുപ്പോ കൈകാര്യം ചെയ്യാനാണ് സാധ്യത. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന സൂചനകളുണ്ട്.കെ മുരളീധരൻ ആരോഗ്യമോ റവന്യൂവോ കൈകാര്യം ചെയ്തേക്കും. കെ.പി.സി.സി പ്രസിഡന്റായ സണ്ണി ജോസഫിനും പ്രധാന വകുപ്പുകളിൽ ഒന്നുണ്ടാകുമെന്നാണ് വിവരം.
അതേസമയം, തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ സ്ഥാനത്തേക്കോ കാബിനറ്റ് പദവിയിലേക്കോ പരിഗണിക്കപ്പെടുന്നുണ്ട്.പി സി വിഷ്ണുനാഥ്, എ പി അനിൽ കുമാർ, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, ചാണ്ടി ഉമ്മൻ എന്നിവരും മന്ത്രിസഭയിലെ സാധ്യതാപട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് വ്യവസായ-ഐ.ടി വകുപ്പുകൾ ലഭിക്കാനാണ് സാധ്യത. കെ എം ഷാജി, പി കെ ബഷീർ, എൻ ഷംസുദ്ധീൻ, പാറക്കൽ അബ്ദുള്ള എന്നിവരും ലീഗിൽ നിന്ന് മന്ത്രിമാരായേക്കും.
ഘടകകക്ഷികളിൽ നിന്ന് അനൂപ് ജേക്കബ് (കേരള കോൺഗ്രസ്-ജേക്കബ്), ഷിബു ബേബി ജോൺ (ആർ.എസ്.പി), സി.പി ജോൺ (സി.എം.പി) എന്നിവർക്കും മന്ത്രിസ്ഥാന സാധ്യതയുണ്ട്. കേരള കോൺഗ്രസ് (എം) വിഭാഗത്തിൽ നിന്നുമൊരു മന്ത്രിയും ചീഫ് വിപ്പ് പദവിയും ഉണ്ടാകുമെന്നാണ് സൂചന.
മന്ത്രിമാരുടെ അന്തിമ പട്ടികയും വകുപ്പുകളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നിറവോടെയോ നാളെയോ ഉണ്ടാകുമെന്നാണ് യു.ഡി.എഫ് വൃത്തങ്ങൾ നൽകുന്ന വിവരം.