
കൊല്ലം: സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും അപകടചികിത്സ ഉറപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് വനം-വന്യജീവി സംരക്ഷണ, നൈപുണ്യ വികസന, കശുവണ്ടി വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. നീണ്ടകര താലൂക്ക് ആശുപത്രിയിൽ പുതുതായി സജ്ജമാക്കിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നീണ്ടകര താലൂക്ക് ആശുപത്രിയുടെ തുടർവികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിൽ നിലവിൽ ഏഴ് ഡയാലിസിസ് ഉപകരണങ്ങൾ പ്രവർത്തനസജ്ജമാണെന്നും സ്വകാര്യമേഖലയുടെ സഹകരണത്തോടെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡയാലിസിസ് യൂണിറ്റിൽ കൂടുതൽ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ എൻ. കെ. പ്രേമചന്ദ്രൻ എം.പി ഡയാലിസിസ് യൂണിറ്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ സ്മരണയ്ക്കായി ചവറ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ‘സ്‌നേഹസ്മൃതി ഡയാലിസിസ് സെന്റർ’ ആണ് നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചത്. ചവറ ഐ.ആർ.ഇ.എല്ലിന്റെ സാമൂഹ്യ സുരക്ഷാ നിധിയിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആലിൻ ഷെറിന്റെ മാതാപിതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി ആദരിച്ചു. ഐ.ആർ.ഇ.എൽ ജനറൽ മാനേജർ എൻ. എസ്. അജിത് പദ്ധതി വിശദീകരിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് എസ്. മുണ്ടകത്തിൽ, സ്ഥിരംസമിതി അധ്യക്ഷ മേരി ചെറിയാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. എൽ. ഷീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശിവലാൽ (നീണ്ടകര), അംബികാദേവി (ചവറ), വിജയശ്രീ മംഗളൻ (തെക്കുംഭാഗം), ജില്ലാ പഞ്ചായത്ത് അംഗം ഐ. ജയലക്ഷ്മി, സ്ഥിരംസമിതി അധ്യക്ഷരായ എസ്. രേഖ, ശരത്ത് പട്ടത്താനം, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.