
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്. കേവലം ഷോർട്ട് സർക്യൂട്ട് മൂലമല്ല കാറിന് തീപിടിച്ചതെന്നും, മനഃപൂർവം തീ കൊളുത്തിയതാകാമെന്നാണ് സംശയമെന്നും സോനയുടെ അമ്മാവൻ എ.കെ. സത്യൻ ആരോപിച്ചു.

അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തിനാണ് പിൻസീറ്റിൽ ഇരുത്തിയതെന്ന ചോദ്യവും കുടുംബം ഉയർത്തുന്നു. കാറിനുള്ളിൽ മുൻകൂട്ടി അപകടകാരിയായ എന്തെങ്കിലും വസ്തുക്കൾ സൂക്ഷിച്ചിരുന്നോയെന്നും സംശയമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, വീട്ടിലെത്താൻ ഏകദേശം ഒരു കിലോമീറ്റർ മാത്രം ബാക്കിയിരിക്കെയാണ് വലിയ സ്ഫോടനശബ്ദത്തോടെ കാറിന് തീപിടിച്ചതെന്നാണ് വിവരം.
അപകടമുണ്ടായ ഉടൻ ഭർത്താവ് രജിൻലാൽ കാറിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും, പിൻവാതിലുകൾ ലോക്കായതിനാൽ സോനയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ ചില്ല് തകർത്ത് സോനയെ പുറത്തെടുത്തെങ്കിലും അതേസമയം മരണം സംഭവിച്ചിരുന്നു.
രജിൻലാലിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും, ഇതിനെച്ചൊല്ലി കുടുംബത്തിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സോനയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഈ ബന്ധത്തെച്ചൊല്ലിയുണ്ടായ മാനസിക സംഘർഷത്തെ തുടർന്ന് സോന മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും, തുടർന്ന് പോലീസ് ഇടപെട്ടാണ് 2023-ൽ ഇവരുടെ രജിസ്റ്റർ വിവാഹം നടന്നതെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ ഫോറൻസിക് വിഭാഗവും മോട്ടോർ വാഹന വകുപ്പും നടത്തിയ പ്രാഥമിക പരിശോധനയിൽ കാറിന്റെ എൻജിൻ ഭാഗത്തിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും തീ പടർന്നത് കാറിന്റെ ഉൾഭാഗത്തുനിന്നാണെന്നുമുള്ള സൂചനകൾ ലഭിച്ചതായി വിവരം. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് പേരാമ്പ്ര പോലീസ് അറിയിച്ചു.