You are currently viewing ആശാ പ്രവർത്തകർക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്ന് വി.ഡി. സതീശൻ

ആശാ പ്രവർത്തകർക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി അധികാരമേൽക്കാനൊരുങ്ങുന്ന വി.ഡി. സതീശനെ സന്ദർശിച്ച ആശാ സമര നേതാക്കൾ പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ മനസ്സോടെയാണ് മടങ്ങിയത്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കേറിയ ചർച്ചകൾക്കിടയിലും കന്റോൺമെന്റ് ഹൗസിലെത്തി നേതാക്കളെ കണ്ട വി.ഡി. സതീശൻ, ആശാ പ്രവർത്തകർക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പാക്കുമെന്ന് വീണ്ടും ഉറപ്പുനൽകി.

ഇന്നലെ രാവിലെയായിരുന്നു ആശാ സമരസമിതി പ്രസിഡന്റ് വി.കെ. സദാനന്ദന്റെ നേതൃത്വത്തിൽ നേതാക്കളായ മിനിയും ബിന്ദുവും ഉൾപ്പെട്ട സംഘം നിയുക്ത മുഖ്യമന്ത്രിയെ സന്ദർശിച്ചത്. പൂച്ചെണ്ടും ഷാളും അണിയിച്ചാണ് നേതാക്കൾ അദ്ദേഹത്തെ അനുമോദിച്ചത്.

“വാക്ക് വാക്കാണെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും നിയുക്ത മുഖ്യമന്ത്രി ഞങ്ങൾക്ക് ഉറപ്പുനൽകി,” എന്ന് ആശാ സമരസമിതി നേതാവ് മിനി മാധ്യമങ്ങളോട് പ്രതികരിച്ചു.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആശാ പ്രവർത്തകർക്ക് 21,000 രൂപ വേതനം ഉറപ്പാക്കുമെന്ന വാഗ്ദാനം പ്രതിപക്ഷ നേതാവായിരിക്കെ സമരപന്തലിൽ എത്തിയാണ് വി.ഡി. സതീശൻ നൽകിയിരുന്നത്. സമരകാലത്ത് അദ്ദേഹത്തിൽ നിന്ന് വലിയ പിന്തുണയും സഹായവും ലഭിച്ചതായും ആശാ സമര നേതാക്കൾ ഓർമ്മിപ്പിച്ചു.

പുതിയ സർക്കാരിന്റെ രൂപീകരണ ഘട്ടത്തിൽ തന്നെ ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ വീണ്ടും മുൻനിര ചർച്ചയാകുന്നതിനാൽ, സർക്കാർ അധികാരമേൽക്കുന്നതിന് പിന്നാലെ വിഷയത്തിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്ന ആകാംക്ഷയും ഉയരുന്നുണ്ട്.

Leave a Reply