തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതുതായി സ്ഥാപിതമാകുന്ന കെ. കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന്റെ നോഡൽ ഓഫീസറായി പ്രമുഖ പാത്തോളജിസ്റ്റായ ഡോ. കവിത രവിയെ നിയമിച്ചു.
നിലവിൽ കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗം മേധാവിയായും കേരള ആരോഗ്യ സർവകലാശാലയുടെ ഡീനായും ഡോ. കവിത രവി സേവനമനുഷ്ഠിച്ചുവരികയാണ്. പുതിയ മെഡിക്കൽ കോളേജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഭരണ-അക്കാദമിക് സംവിധാനങ്ങൾ രൂപീകരിക്കുന്നതിനും ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകുക എന്നതാണ് നോഡൽ ഓഫീസറെന്ന നിലയിൽ പ്രധാന ചുമതല.
ഡോ. കവിത രവി മുൻ എംഎൽഎ തോപ്പിൽ രവിയുടെ മകളാണ്. കൂടാതെ, കെപിസിസി ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന സൂരജ് രവിയുടെ സഹോദരിയുമാണ്.
തിരുവനന്തപുരത്ത് പുതിയ സർക്കാർ മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നോഡൽ ഓഫീസറുടെ നിയമനത്തോടെ സ്ഥാപനത്തിന്റെ പ്രാരംഭ നടപടികൾക്ക് കൂടുതൽ വേഗം കൈവരുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്.