You are currently viewing തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ലും എം സാൻഡും പുറത്തെത്തിക്കാൻ നിയന്ത്രണം

തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ലും എം സാൻഡും പുറത്തെത്തിക്കാൻ നിയന്ത്രണം

ചെന്നൈ: കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന അസാധാരണ നടപടിയുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് നിർമാണ സാമഗ്രികളുടെ ദൗർലഭ്യം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.

പുതിയ ഉത്തരവ് പ്രകാരം, കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി തുടങ്ങിയ ഖനന ഉൽപ്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിക്കുകയോ ഉപരോധിക്കുകയോ ചെയ്യാനുള്ള അധികാരം ജിയോളജി ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ലഭ്യതയും ആവശ്യകതയും വിലയിരുത്തിയ ശേഷമായിരിക്കും ഇത്തരത്തിലുള്ള തീരുമാനങ്ങൾ സ്വീകരിക്കുക.

തമിഴ്നാട്ടിൽ വ്യാപകമായി അനധികൃത ഖനനം നടക്കുന്നതായും ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. നിർമാണ സാമഗ്രികളുടെ ക്ഷാമം തമിഴ്നാട്ടിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സ്വകാര്യ നിർമാണ പദ്ധതികൾക്കും തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

തമിഴ്നാട്ടിൽ നിന്ന് നിർമാണ സാമഗ്രികൾ വലിയ തോതിൽ എത്തിക്കുന്ന കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ ഈ തീരുമാനം പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ച് കേരളത്തിലെ നിർമാണ മേഖലയിൽ കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി എന്നിവയുടെ ലഭ്യത കുറയാനും വില വർധിക്കാനും സാധ്യതയുണ്ടെന്നാണ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

പുതിയ ഉത്തരവ് പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നതും ഏത് സാഹചര്യങ്ങളിലാകും കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയെന്നതും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ സർക്കാർ ഉടൻ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply