
ഡച്ച് പതാകയുള്ള ആഡംബര ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസ്-ൽ ഹാന്റാവൈറസ് ബാധയുടെ ക്ലസ്റ്റർ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന(WHO) അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയും ജീവനക്കാരെയും ബാധിച്ച ഈ രോഗബാധയെ തുടർന്ന് കൂടുതൽ കേസുകൾ ഉണ്ടാകാനിടയുണ്ടെന്ന ആശങ്കയും ഡബ്ലിയുഎച്ച്ഒ പ്രകടിപ്പിച്ചു.

2026 മെയ് 4 വരെ ആകെ ഏഴ് കേസുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ രണ്ട് പേർക്ക് ലബോറട്ടറി പരിശോധനയിൽ ഹാന്റാവൈറസ് സ്ഥിരീകരിച്ചപ്പോൾ, അഞ്ച് പേർ സംശയാസ്പദ കേസുകളായി പരിഗണിക്കപ്പെടുകയാണ്. രോഗബാധയെ തുടർന്ന് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അർജന്റീനയിലെ ഉഷുവിയയിൽ നിന്ന് യാത്ര തിരിച്ച കപ്പൽ നിലവിൽ കേപ്പ് വെർഡെ തീരത്തോട് ചേർന്ന് നിലകൊള്ളുകയാണെന്നാണ് റിപ്പോർട്ട്.
അസ്വസ്ഥത അനുഭവപ്പെട്ട ചില യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ച് ചികിത്സയ്ക്കായി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഹാന്റാവൈറസ് സാധാരണയായി എലികൾ പോലുള്ള ജീവികളുടെ മൂത്രം, ഉമിനീർ, മല എന്നിവ വഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. രോഗബാധിത ജീവികളുടെ അവശിഷ്ടങ്ങൾ കലർന്ന പൊടി ശ്വസിക്കുന്നതിലൂടെയും വൈറസ് പകരാം. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് അത്യന്തം അപൂർവമാണെന്നും, ദക്ഷിണ അമേരിക്കയിൽ കണ്ടെത്തിയ ആൻഡീസ് വൈറസ് പോലുള്ള ചില വകഭേദങ്ങൾക്കു മാത്രമാണ് പരിമിതമായ മനുഷ്യ-മനുഷ്യ വ്യാപനശേഷിയുള്ളതെന്നും ഡബ്ലിയുഎച്ച്ഒ വ്യക്തമാക്കി.
നിലവിൽ പൊതുജനാരോഗ്യ ഭീഷണി താഴ്ന്ന നിലയിലാണെന്ന് ഡബ്ലിയുഎച്ച്ഒ വിലയിരുത്തുന്നുണ്ടെങ്കിലും, സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്ന് സംഘടന അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സമ്പർക്ക പട്ടിക ശേഖരിക്കൽ, പരിശോധനകൾ, രോഗലക്ഷണ നിരീക്ഷണം തുടങ്ങിയ നടപടികൾ തുടരുകയാണ്.