
കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം

കണ്ണവം: കണ്ണവം ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് കാൽനടയാത്രക്കാർ ദാരുണമായി മരിച്ചു. കൈച്ചേരി സ്വദേശി ഇസ്മായിൽ (52), തൊടീക്കളം സ്വദേശി പുതുക്കുടി സജീഷ് എന്ന ബാബു (52) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.
സംഭവം കണ്ട നാട്ടുകാരും കണ്ണവം പൊലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കാറിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.
അപകടത്തെ തുടർന്ന് പ്രദേശത്ത് നേരിയ ഗതാഗത തടസ്സവും രൂപപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.