You are currently viewing തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രനാഴികക്കല്ല്; മുസ്ലിം ലീഗ് ആദ്യമായി മന്ത്രിസഭയിൽ, എ.എം ഷാജഹാൻ മന്ത്രിയാകും

തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രനാഴികക്കല്ല്; മുസ്ലിം ലീഗ് ആദ്യമായി മന്ത്രിസഭയിൽ, എ.എം ഷാജഹാൻ മന്ത്രിയാകും

ആറ് പതിറ്റാണ്ടുകളായി തുടരുന്ന തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുങ്ങി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആദ്യമായി തമിഴ്നാട് മന്ത്രിസഭയിൽ പ്രാതിനിധ്യം നേടുന്നു. നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സഖ്യസർക്കാരിൽ പാപനാശം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ എ.എം ഷാജഹാൻ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയായാണ് സ്ഥാനമേൽക്കുന്നത്.

സംസ്ഥാന രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് മുസ്ലിം ലീഗിന് തമിഴ്നാട് മന്ത്രിസഭയിൽ അംഗത്വം ലഭിക്കുന്നത്. ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് വിജയ് മന്ത്രിസഭയിൽ ചേരാനുള്ള തീരുമാനം ഐകകണ്ഠ്യേന കൈക്കൊണ്ടത്. ഷാജഹാനെ മന്ത്രിസ്ഥാനത്തേക്ക് ശിപാർശ ചെയ്യുന്ന ഔദ്യോഗിക കത്ത് പാർട്ടി നേതൃത്വം ഉടൻ തന്നെ മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് കൈമാറുമെന്ന് നേതാക്കൾ അറിയിച്ചു.

അടുത്ത അഞ്ച് വർഷത്തേക്ക് ടി.വി.കെ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് എ.എം ഷാജഹാൻ വ്യക്തമാക്കി. സഖ്യരാഷ്ട്രീയത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമാകുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി പുതുതായി 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ തമിഴ്നാട് മന്ത്രിസഭയിലെ ആകെ അംഗസംഖ്യ 32 ആയി ഉയർന്നു. കോൺഗ്രസിന്റെ രണ്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

1967 മുതൽ ഏകകക്ഷി ഭരണമാണ് തമിഴ്നാട് കണ്ടിരുന്നത്. എന്നാൽ ചരിത്രത്തിലാദ്യമായി ഔദ്യോഗിക സഖ്യകക്ഷി സർക്കാർ അധികാരത്തിലെത്തുന്നതും മുസ്ലിം ലീഗിന് മന്ത്രിസഭാ പ്രാതിനിധ്യം ലഭിക്കുന്നതും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply