
ന്യൂഡൽഹി: യുവജന തൊഴിലില്ലായ്മയും പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളോടുള്ള അസംതൃപ്തിയും പരിഹാസരൂപത്തിൽ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ ‘കോക്രോച്ച് ജനത പാർട്ടി’ (CJP) രാജ്യവ്യാപക ശ്രദ്ധ നേടുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇൻസ്റ്റഗ്രാമിൽ കോടിക്കണക്കിന് ഫോളോവേഴ്സിനെ സ്വന്തമാക്കിയ ഈ പരിഹാസ രാഷ്ട്രീയ പ്രസ്ഥാനം, ദേശീയ രാഷ്ട്രീയ പാർട്ടികളേക്കാൾ കൂടുതൽ ഓൺലൈൻ സ്വാധീനം നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

മേയ് 16-നാണ് 30-കാരനായ അഭിജിത് ദീപക്കെയാണ് ആണ് ‘ കൊക്രോച്ച് ജനത പാർട്ടി’ ആരംഭിച്ചത്. ഹോസ്റ്റൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും മുൻ ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയ തന്ത്രജ്ഞനുമായ ദിപ്കെ, തൊഴിലില്ലാത്ത യുവാക്കളെ കുറിച്ച് നടത്തിയതായി പ്രചരിച്ച പരാമർശങ്ങളെ തുടർന്ന് രൂപപ്പെട്ട വിവാദത്തെ ആസ്പദമാക്കി തമാശരൂപത്തിൽ ഗൂഗിൾ ഫോം രജിസ്ട്രേഷനോടെയാണ് പ്രസ്ഥാനം തുടങ്ങിയത്.
‘കോക്ക്രോച്ച്’ എന്ന ചിഹ്നത്തെ അപമാനത്തിന് പകരം പ്രതിരോധത്തിന്റെ പ്രതീകമാക്കി മാറ്റുകയാണ് സി.ജെ.പി ചെയ്തത്. “Lazy”, “Unemployed”, “Chronically Online” തുടങ്ങിയ വിശേഷണങ്ങൾ അംഗത്വ മാനദണ്ഡങ്ങളായി പരിഹാസാത്മകമായി അവതരിപ്പിച്ച പ്രസ്ഥാനം, യുവജനങ്ങളിൽ വൻ പ്രതികരണമാണ് നേടിയത്. #MainBhiCockroach എന്ന ഹാഷ്‌ടാഗും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
“യുവാക്കളുടെ രാഷ്ട്രീയ മുന്നണി — യുവാക്കൾക്കായി, യുവാക്കൾ നയിക്കുന്ന, മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ജനാധിപത്യപരവും ‘Lazy’ യുമായ പ്രസ്ഥാനം” എന്നാണ് സി.ജെ.പി സ്വയം വിശേഷിപ്പിക്കുന്നത്. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം, ഭരണ സംവിധാനത്തിലെ അസമത്വങ്ങൾ എന്നിവയാണ് പ്രസ്ഥാനത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങൾ. മീമുകൾ, എഐ സൃഷ്ടിച്ച ഉള്ളടക്കങ്ങൾ, പരിഹാസ വീഡിയോകൾ, തിളക്കമുള്ള സോഷ്യൽ മീഡിയ കമന്ററികൾ എന്നിവയിലൂടെയാണ് സി.ജെ.പി യുവാക്കളുമായി ഇടപഴകുന്നത്.
ഇതിനിടെ പ്രസ്ഥാനത്തിന്റെ വളർച്ചയെ ചുറ്റിപ്പറ്റി വിവാദങ്ങളും ശക്തമാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫോളോവേഴ്സും പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകളും ഉപയോഗിച്ച് കൃത്രിമ എൻഗേജ്മെന്റ് സൃഷ്ടിക്കുന്നുവെന്ന ആരോപണം വിമർശകർ ഉയർത്തുന്നുണ്ട്. സ്ഥാപകൻ ദിപ്കെയുടെ മുൻ രാഷ്ട്രീയ ബന്ധങ്ങളും പ്രതിപക്ഷ നേതാക്കളുമായുള്ള അടുപ്പവും ചർച്ചയായിട്ടുണ്ട്.
വ്യാഴാഴ്ച സി.ജെ.പിയുടെ പ്രധാന എക്‌സ് (മുൻ ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ നിയമപരമായ ആവശ്യത്തെ തുടർന്ന് തടഞ്ഞുവെച്ചതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് പുതിയ ഹാൻഡിലുകൾ പ്രവർത്തനം ആരംഭിച്ചു. ബന്ധപ്പെട്ട അക്കൗണ്ടുകളിലും വെബ്സൈറ്റിലും ഹാക്കിംഗ് ശ്രമങ്ങൾ നടന്നതായും സ്ഥാപകൻ ആരോപിച്ചു.
ഇത് വെറും ഇന്റർനെറ്റ് തമാശയോ അതോ യുവജനങ്ങളുടെ അസംതൃപ്തിയെ രാഷ്ട്രീയ ചർച്ചയാക്കി മാറ്റുന്ന പുതിയ സാമൂഹിക പ്രവണതയോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ തൊഴിലവസരങ്ങൾ, യുവജന പ്രശ്നങ്ങൾ, ഡിജിറ്റൽ രാഷ്ട്രീയ സംസ്കാരം എന്നിവയെ ദേശീയ ചർച്ചയിലേക്ക് കൊണ്ടുവന്നതിൽ ‘ കൊക്കോക്രോച്ച് ജനത പാർട്ടി’ ഇതിനോടകം തന്നെ ശ്രദ്ധേയമായ ഇടം നേടിയിരിക്കുകയാണ്.