
തിരുവനന്തപുരം: 16-ാം കേരള നിയമസഭയിൽ കുന്നത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 140 അംഗ സഭയിൽ അക്ഷരമാലാക്രമമനുസരിച്ച് 127-ാമനായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് പകൽ 12.15ഓടെ നടന്ന ചടങ്ങിൽ ഭരണപക്ഷത്തെ മുതിർന്ന അംഗവും പ്രോടേം സ്പീക്കറുമായ ജി. സുധാകരൻ മുൻപാകെയായിരുന്നു സത്യവാചകം ചൊല്ലിയത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഉല്ലാസ് കോവൂരിന്റെ മാതാപിതാക്കളും ഭാര്യ ആശയും മകൾ ഋതുവും അടുത്ത ബന്ധുക്കളും നാട്ടുകാരും നിയമസഭാ മന്ദിരത്തിലെത്തിയിരുന്നു. 42 വർഷങ്ങൾക്ക് ശേഷം കുന്നത്തൂരിൽ നിന്നും യുഡിഎഫിന് ലഭിച്ച എംഎൽഎയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ കോൺഗ്രസ്-യുഡിഎഫ് നേതാക്കളും പ്രവർത്തകരും രാവിലെ മുതൽ തന്നെ തലസ്ഥാനത്ത് എത്തിച്ചേർന്നിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭാ മന്ദിരത്തിന് പുറത്തേക്കെത്തിയ ഉല്ലാസ് കോവൂരിനെ പ്രവർത്തകർ തോളിലേറ്റി ആഹ്ലാദം പങ്കിട്ടു. കുന്നത്തൂരിലെ രാഷ്ട്രീയചരിത്രത്തിൽ നിർണായക നേട്ടമായാണ് യുഡിഎഫ് പ്രവർത്തകർ ഈ വിജയത്തെ വിലയിരുത്തുന്നത്.