
കൊല്ലം: കൊല്ലത്തിന്റെ അഭിമാനമായി മാറി കൊട്ടാരക്കര ആയൂർ വയയ്ക്കൽ സ്വദേശി ജി.പി. നന്ദന.ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ നന്ദനയെ തമിഴ്നാട് കേഡറിലെ സേലം അസിസ്റ്റന്റ് കലക്ടറായി നിയമിച്ചു. ചെറുപ്പത്തിലേ തന്നെ ലക്ഷ്യബോധത്തോടെയും കഠിനാധ്വാനത്തോടെയും മുന്നേറിയ നന്ദനയുടെ നേട്ടം നാട്ടുകാരും അധ്യാപകരും കുടുംബാംഗങ്ങളും ആവേശത്തോടെയാണ് സ്വീകരിച്ചത്.

ചുമതലയേൽക്കുന്നതിന് മുന്നോടിയായി സ്വന്തം ബാച്ചിലെ പത്ത് ഉദ്യോഗസ്ഥരോടൊപ്പം നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയെ നന്ദന കഴിഞ്ഞ ദിവസം സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ ഡാനിയൽ ഗോൾമാന്റെ ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന പുസ്തകം വിജയിക്ക് സമ്മാനമായും നൽകി. വിജയിയിൽ നിന്ന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്ന് നന്ദന പ്രതികരിച്ചു.
2017 മുതൽ 2019 വരെ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു നന്ദന. പഠനകാലം മുതലേ മികവ് തെളിയിച്ചിരുന്ന നന്ദന കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്. പരിശീലനം വിജയകരമായി പൂർത്തിയാക്കി ഇപ്പോൾ തമിഴ്നാട് ഭരണസേവന രംഗത്തേക്ക് കടക്കുകയാണ്.
നന്ദനയുടെ നിയമനം യുവതലമുറയ്ക്ക് പ്രചോദനമാകുന്നതായി പ്രദേശവാസികളും അധ്യാപകരും അഭിപ്രായപ്പെട്ടു.