
മൂന്നാർ: സംസ്ഥാനത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ പ്രാദേശിക കച്ചവടക്കാരിലും ടാക്സി ഡ്രൈവർമാരിലും നിന്നുള്ള അക്രമ സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് മർദ്ദനമേറ്റ സംഭവങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വിനോദസഞ്ചാര മേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാകുകയാണ്.

അടുത്തിടെ ടോപ്പ് സ്റ്റേഷനിൽ റോഡിൽ ബസ് നിർത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കം വൻ സംഘർഷത്തിലേക്ക് വഴിമാറി. തിരുവനന്തപുരം വർക്കലയിൽ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ പള്ളിവാസൽ രണ്ടാം മൈലിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ എട്ട് യുവാക്കൾക്ക് നേരെയും ആക്രമണമുണ്ടായി. ക്രൂരമായി മർദ്ദനമേറ്റ യുവാക്കൾ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ ചില ടാക്സി ഡ്രൈവർമാരും പ്രാദേശിക സംഘങ്ങളും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
ടോപ്പ് സ്റ്റേഷൻ, രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രധാനമായും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിനോദസഞ്ചാരികളുടെ വാഹന പാർക്കിങ്, ഇടുങ്ങിയ റോഡുകളിൽ സൈഡ് നൽകൽ, വാഹനങ്ങൾ തമ്മിൽ ഉരസൽ, വഴിയോര കച്ചവടക്കാരുമായുള്ള വിലത്തർക്കങ്ങൾ തുടങ്ങിയവ പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
അതേസമയം, ഊബർ ടാക്സികളിൽ എത്തുന്ന ആഭ്യന്തര-വിദേശ സഞ്ചാരികളെ തടഞ്ഞുനിർത്തുന്നതായും പരാതിയുണ്ട്. ചില പ്രദേശങ്ങളിൽ പ്രാദേശിക ടാക്സി ലോബികളും പുറത്തുനിന്നുള്ള വാഹനങ്ങളും തമ്മിലുള്ള തർക്കങ്ങളും രൂക്ഷമാകുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന കേന്ദ്രങ്ങളിൽ സ്ഥിരം പോലീസ് പട്രോളിംഗും കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
സംസ്ഥാന ടൂറിസം മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ പോലും മോശം പ്രതിച്ഛായ സൃഷ്ടിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി അനിവാര്യമാണെന്ന അഭിപ്രായവും ഉയരുന്നു.