You are currently viewing എൻ. ഷംസുദ്ദീന് ഭാവുകങ്ങൾ നേർന്ന് വി. ശിവൻകുട്ടി; വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ വിശദീകരിച്ച് മുൻമന്ത്രി

എൻ. ഷംസുദ്ദീന് ഭാവുകങ്ങൾ നേർന്ന് വി. ശിവൻകുട്ടി; വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ വിശദീകരിച്ച് മുൻമന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ എൻ ഷംസുദ്ദീന് എല്ലാ പിന്തുണയും ആശംസകളും നേർന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും, ആ വികസന പാത കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പുതിയ മന്ത്രിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് പൊതുവിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങളാണ് നടപ്പാക്കിയതെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. 43 ലക്ഷം വിദ്യാർത്ഥികൾക്കായി സൗജന്യ അപകട ഇൻഷുറൻസ് ഉൾപ്പെടെ നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയതായും, വിദ്യാഭ്യാസ രംഗത്തെ അക്കാദമിക മികവ് ഉയർത്താൻ “സബ്ജക്ട് മിനിമം” പദ്ധതി വലിയ പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി 2024-25 അധ്യയന വർഷം മുതൽ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയതും, മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിലെത്തിച്ചതും ശ്രദ്ധേയ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പഠന വർഷം ആരംഭിക്കുന്നതിന് മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം പൂർത്തിയാക്കുന്ന രീതിയും സംസ്ഥാനത്തിന് മാതൃകാപരമായ നേട്ടമാണെന്ന് വിലയിരുത്തി.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഉൾച്ചേർക്കൽ വിദ്യാഭ്യാസ പദ്ധതികളും സർക്കാർ ശക്തിപ്പെടുത്തിയതായി ശിവൻകുട്ടി പറഞ്ഞു. ഭിന്നശേഷി സൗഹൃദ സ്കൂൾ കെട്ടിടങ്ങൾ, 1486 സ്പെഷ്യൽ കെയർ സെൻററുകൾ, ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ എന്നിവയുടെ ഭാഗമായി സ്കൂൾ കായികമേളയെ “സ്കൂൾ ഒളിമ്പിക്സ്” ആയി പുനഃസംഘടിപ്പിച്ചതും ചരിത്രപരമായ നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തും കേരളം മുന്നേറ്റം കൈവരിച്ചതായി മുൻമന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സൗജന്യ മെഡിക്കൽ-എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം, 2000 ഹൈസ്കൂളുകളിൽ 7000 റോബോട്ടിക് ലാബുകൾ, “ലിറ്റിൽ കൈറ്റ്സ്” പദ്ധതിയിലൂടെ AI, 3D മോഡലിംഗ് പരിശീലനം എന്നിവ നടപ്പാക്കിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യാജവാർത്തകളും സൈബർ തട്ടിപ്പുകളും പ്രതിരോധിക്കാൻ അധ്യാപകർക്കും നാല് ലക്ഷം അമ്മമാർക്കും പ്രത്യേക പരിശീലനം നൽകിയതായും വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പിൽ 9,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയതായും, 1200-ലധികം പ്രീപ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന “വർണ്ണക്കൂടാരം” പദ്ധതി നടപ്പിലാക്കിയതായും ശിവൻകുട്ടി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി 200 സ്കൂൾ വെതർ സ്റ്റേഷനുകൾ ആരംഭിച്ചതും കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയുടെ പുതുമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാതിരുന്നിട്ടും ദേശീയ സൂചികകളിൽ കേരളം മുന്നിലെത്താൻ സാധിച്ചതിന് പിന്നിൽ പൊതുവിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മാതൃക കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കട്ടെ” എന്ന ആശംസയോടെയാണ് പുതിയ മന്ത്രി എൻ. ഷംസുദ്ദീന് അദ്ദേഹം വീണ്ടും അഭിനന്ദനങ്ങൾ നേർന്നത്.

Leave a Reply