You are currently viewing ഗോപികയുടെ അപകടത്തിൽ ഇടപെട്ട് ഹൈബി ഈഡൻ; നഷ്ടപരിഹാരം ഉറപ്പാക്കി

ഗോപികയുടെ അപകടത്തിൽ ഇടപെട്ട് ഹൈബി ഈഡൻ; നഷ്ടപരിഹാരം ഉറപ്പാക്കി

കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന മെട്രോ പില്ലറിൽ നിന്ന് വലിയ ഇരുമ്പുകഷണം കാറിന് മുകളിലേക്ക് വീണ് അപകടത്തിൽപ്പെട്ട വിപ്രോ ജീവനക്കാരി ഗോപികാ പ്രശാന്തിന് നഷ്ടപരിഹാരം അനുവദിക്കുമെന്ന് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. സംഭവത്തിൽ ഇടപെട്ടതായി എറണാകുളം എംപി ഹൈബി ഈഡൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

സോഷ്യൽ മീഡിയയിലൂടെയാണ് ഗോപിക അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടതെന്ന് ഹൈബി ഈഡൻ പറഞ്ഞു. തുടർന്ന് ഗോപികയുമായി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ നേരിട്ട് മനസിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

കാക്കനാട്ടേക്ക് നീളുന്ന മെട്രോ നിർമാണപ്രവർത്തനത്തിനിടെ മെട്രോ പില്ലറിൽ നിന്ന് വലിയ ഇരുമ്പുകഷണം താഴേക്ക് പതിക്കുകയായിരുന്നു. ഇത് ഗോപിക സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശത്തെ ചില്ല് തകർത്തു. അപകടത്തിൽ ഗോപികയ്ക്ക് കൈയ്ക്കും ശരീരഭാഗങ്ങൾക്കും പരിക്കേറ്റെങ്കിലും വലിയ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സംഭവം ഉടൻ തന്നെ കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഗോപികയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായും ഹൈബി ഈഡൻ പറഞ്ഞു. തുടർന്ന് എംഡിയും ഗോപികയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യരുടെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് മെട്രോ കാക്കനാട്ടേക്ക് വ്യാപിപ്പിക്കുന്നതെന്നും, എന്നാൽ നിർമാണപ്രവർത്തനങ്ങൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയാവണമെന്ന ആവശ്യവും സംഭവത്തിന് പിന്നാലെ ശക്തമാകുകയാണ്.

Leave a Reply