
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയുമായി ഊർജ സഹകരണം ശക്തിപ്പെടുത്തുന്നത് അമേരിക്കയുടെ പ്രധാന ലക്ഷ്യമാണെന്ന് വ്യക്തമാക്കി. “ഇന്ത്യ എത്രത്തോളംഎണ്ണ വാങ്ങാൻ തയ്യാറാണോ അത്രയും അമേരിക്ക വിൽക്കാൻ ആഗ്രഹിക്കുന്നു” എന്ന് റൂബിയോ പറഞ്ഞു. മെയ് 23 മുതൽ 26 വരെ നടക്കുന്ന തന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് പ്രതികരണം.

ഇതിനൊപ്പം, വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടുത്ത ആഴ്ച ഇന്ത്യ സന്ദർശിച്ച് എണ്ണ വിതരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്നും റൂബിയോ വെളിപ്പെടുത്തി. എന്നാൽ ഈ സന്ദർശനം സംബന്ധിച്ച് ഇന്ത്യയോ വെനസ്വേലയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.
ഇന്ത്യയുടെ വർധിച്ചു വരുന്ന ഊർജ ആവശ്യകതയും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും പശ്ചാത്തലമാക്കി അമേരിക്ക ഇന്ത്യയുമായുള്ള ഊർജ വ്യാപാരബന്ധം വിപുലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ സന്ദർശനത്തിനിടെ ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും റൂബിയോ കൂടിക്കാഴ്ച നടത്തും.