
എറണാകുളം: നഗരത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്‌കൂട്ടർ പിടികൂടി. മെയ് 22-ന് വൈകുന്നേരം കാക്കനാട്-കളമശ്ശേരി മേഖലയിലെ സീപോർട്ട്-എയർപോർട്ട് റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ഷിജുവിന്റെയും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.ബി. വിഷ്ണു പ്രസാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഹെൽമെറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും കൂടെയുണ്ടായിരുന്ന 17 വയസ് തോന്നിക്കുന്ന കുട്ടിയെയും തടയാൻ ശ്രമിച്ചത്.
ഉദ്യോഗസ്ഥരെ കണ്ടതുമുതൽ വാഹനം നിർത്താതെ അതിവേഗത്തിൽ ഓടിച്ചുപോയ യുവതിയെ എംവിഡി സംഘം പിന്തുടർന്നു. ഏകദേശം അഞ്ച് കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് സ്‌കൂട്ടർ തടഞ്ഞുനിർത്തിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വാഹനം സുഹൃത്തിന്റേതാണെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ വാഹനത്തിന്റെ രജിസ്റ്റർഡ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വാഹനം അടിമാലിയിലാണുള്ളതെന്ന വിവരം ലഭിച്ചു. ഇതോടെ വാഹനത്തിലെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിന്റെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തുകയും യഥാർത്ഥ ഉടമയെ ബന്ധപ്പെടുകയും ചെയ്തു. ഫെബ്രുവരി 22-ന് എറണാകുളം കോൺവെന്റ് ജംഗ്ഷനിൽ നിന്ന് മോഷണം പോയ വാഹനമാണിതെന്ന് വ്യക്തമായി. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.
പിടിച്ചെടുത്ത സ്‌കൂട്ടർ പിന്നീട് കളമശ്ശേരി പോലീസിന് കൈമാറി.