
ഉത്തരാഖണ്ഡിലെ പ്രശസ്തമായ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ‘പുഷ്പങ്ങളുടെ താഴ്വര'(Valley of flowers) വിനോദസഞ്ചാരികൾക്കായി തുറന്നു. ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പുഷ്പങ്ങളുടെ താഴ്വരയിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനൊപ്പം, അവിടുത്തെ സമ്പന്നമായ ജൈവവൈവിധ്യവും അപൂർവ സസ്യജാലങ്ങളും സംരക്ഷിക്കാൻ സഹകരിക്കണമെന്ന് വനംവകുപ്പ് അഭ്യർഥിച്ചു.

വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം നിലവിൽ താഴ്വരയിൽ 300-ലധികം ഇനം പൂക്കളും നിരവധി അപൂർവ സസ്യവർഗങ്ങളും വളരുന്നുണ്ട്. ഒക്ടോബർ 31 വരെ വിനോദസഞ്ചാരികൾക്ക് താഴ്വര സന്ദർശിക്കാനാകുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ചേത്ന കാണ്ഡപാൽ അറിയിച്ചു.
ദുര്‍ഘടമായ ഭൂപ്രകൃതിയുള്ള പ്രദേശത്താണ് പുഷ്പങ്ങളുടെ താഴ്വര സ്ഥിതി ചെയ്യുന്നത്. അതിനാൽ കാലാവസ്ഥാ സാഹചര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച് സന്ദർശകർക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികളുടെ യാത്ര സുരക്ഷിതവും ആസ്വാദ്യകരവുമായി നിലനിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഹിമാലയൻ മലനിരകളുടെ മനോഹരമായ പശ്ചാത്തലത്തിൽ വിരിഞ്ഞുകിടക്കുന്ന വാലി ഓഫ് ഫ്ലവേഴ്സ് എല്ലാ വർഷവും ആയിരക്കണക്കിന് പ്രകൃതിസ്നേഹികളെയും സഞ്ചാരികളെയും ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഈ വർഷവും വർണാഭമായ പൂക്കളുടെ കാഴ്ചകൾ കാണാൻ വലിയ തോതിൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.