You are currently viewing ഓപ്പറേഷൻ തൂഫാൻ ശക്തമാക്കി; 241 പേർ അറസ്റ്റിൽ, 231 പുതിയ ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു

ഓപ്പറേഷൻ തൂഫാൻ ശക്തമാക്കി; 241 പേർ അറസ്റ്റിൽ, 231 പുതിയ ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കി കേരള പോലീസിന്റെ “ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്” പദ്ധതി. പദ്ധതിയുടെ ഭാഗമായി ശനിയാഴ്ചയും സംസ്ഥാനത്തുടനീളം അതീവ ജാഗ്രതയോടെയുള്ള വ്യാപക പരിശോധനകൾ നടത്തി. ലഹരി വിൽപ്പനയും ഉപയോഗവും സംശയിക്കുന്ന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 231 പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയും 241 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്നത്തെ പരിശോധനകളിൽ 110 ഗ്രാം എം.ഡി.എം.എ, 15.5 കിലോയിലധികം കഞ്ചാവ്, 149 കഞ്ചാവ് ബീഡികൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് ശൃംഖലയുടെ ഉറവിടവും വിതരണ മാർഗങ്ങളും കണ്ടെത്തുന്നതിനായി “തൂഫാൻ ഇന്റലിജൻസ്” എന്ന പ്രത്യേക രഹസ്യാന്വേഷണ സംഘത്തെ നിയോഗിച്ച് നിരീക്ഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്ത മേഖലകളാക്കി നിലനിർത്തുന്നതിന്റെ ഭാഗമായി സ്കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളിൽ പുകയിലയും ലഹരി ഉത്പന്നങ്ങളും വിൽക്കുന്ന കടകൾക്കെതിരെ കർശന നടപടികൾ ആരംഭിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.

ലഹരി വിരുദ്ധ പോരാട്ടത്തിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രമുഖരുടെ പിന്തുണയും പോലീസിന് ലഭിച്ചിട്ടുണ്ട്. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ടീമും പോലീസിനൊപ്പം ചേർന്ന് പ്രവർത്തനം ആരംഭിച്ചു. കൂടാതെ നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഈ ജനകീയ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ലഹരിമാഫിയയെ സംസ്ഥാനത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ തൂഫാൻ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് കേരള പോലീസ് അറിയിച്ചു.

Leave a Reply