
കൊട്ടാരക്കര: എം.സി. റോഡിൽ കൊട്ടാരക്കര വാളകം മെഴ്‌സി ഹോസ്പിറ്റലിന് സമീപം കൈപ്പള്ളിമുക്കിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.

അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ സാരമായ പരിക്കുള്ളവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.
ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞത്. അപകടം നടന്നതോടെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് യാത്രക്കാരെ ബസിൽ നിന്ന് പുറത്തെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വിവരമറിഞ്ഞെത്തിയ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് എം.സി. റോഡിൽ കുറച്ചുസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും നാട്ടുകാരും.