ആലപ്പുഴ: ശ്രീ ലളിത സഹസ്രനാമത്തിലെ തത്ത്വങ്ങളെ ലളിതമായ ഇംഗ്ലീഷിൽ അവതരിപ്പിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ച 13-കാരൻ വൈഭവ് എ. പിള്ളയെ അഭിനന്ദിച്ച് ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കളക്ടർ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.
“എ ഡിവൈൻ വോയേജ്” (A Divine Voyage) എന്ന പേരിൽ വൈഭവ് രചിച്ച പുസ്തകം, ശ്രീ ലളിത സഹസ്രനാമത്തിന്റെ ആത്മീയ തത്ത്വങ്ങൾ കൊച്ചുകുട്ടികൾക്ക് പോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ സവിശേഷ കൃതിക്ക് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സ് അംഗീകാരവും ലഭിച്ചിട്ടുണ്ട്.
കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വൈഭവ്, തന്റെ ഈ നേട്ടത്തിന്റെ സന്തോഷം പങ്കുവെക്കാനാണ് കഴിഞ്ഞ ദിവസം കളക്ടറെ സന്ദർശിച്ചത്.
“അറിവിന്റെ ലോകത്ത് വലിയ ചുവടുവെപ്പുകൾ നടത്തുന്ന വൈഭവ് എ. പിള്ളയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു,” എന്ന് കളക്ടർ ഷാജി വി. നായർ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ചെറുപ്രായത്തിൽ തന്നെ സാഹിത്യരംഗത്തും ആത്മീയ ചിന്തകളുടെ പ്രചാരണത്തിലും മികവ് തെളിയിച്ച വൈഭവിന്റെ നേട്ടം സമൂഹത്തിന് പ്രചോദനമാകുന്നതാണ്.