കൊച്ചി ഫിഷറീസ് ഹാർബറിന്റെ നവീകരണ പദ്ധതിയുടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് എറണാകുളം എംപി ഹൈബി ഈഡൻ അറിയിച്ചു. കഴിഞ്ഞ ദിവസം എംഎൽഎ മുഹമ്മദ് ഷിയാസിനൊപ്പമാണ് അദ്ദേഹം ഹാർബർ സന്ദർശിച്ച് നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തിയത്.
169 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഏകദേശം 70 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാകുന്നത്. മൂന്ന് നിലകളുള്ള പുതിയ കെട്ടിടമാണ് ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത്. ഇതിന്റെ ഗ്രൗണ്ട് നിലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ലേല ഹാൾ സജ്ജീകരിക്കും. നിലവിൽ ഈ മാസം അവസാനത്തോടെ നിലവിലുള്ള ലേല ഹാൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എംപി വ്യക്തമാക്കി.
കെട്ടിടത്തിന്റെ മുകളിലെ നിലകളിൽ ഉദ്യോഗസ്ഥർക്കായുള്ള മുറികൾ, കൺട്രോൾ സ്റ്റേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. പുതിയ ലേല ഹാളിലേക്ക് പ്രവർത്തനങ്ങൾ മാറ്റിയതിന് ശേഷം നിലവിലെ ലേല ഷെഡ് പൊളിച്ച് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
അതേസമയം, ആഗോള യുദ്ധ സാഹചര്യങ്ങൾ മൂലം ശീതികരണ സംവിധാനങ്ങളുടെ നിർമ്മാണവും ഉപകരണങ്ങളുടെ ലഭ്യതയും വൈകാൻ സാധ്യതയുണ്ടെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ശീതികരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി ഫിഷറീസ് ഹാർബറിന്റെ സമഗ്ര നവീകരണം പൂർത്തിയാകുന്നതോടെ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ആധുനികമാകുകയും മത്സ്യത്തൊഴിലാളികൾക്കും വ്യാപാരികൾക്കും മികച്ച സേവന സൗകര്യങ്ങൾ ലഭ്യമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.